ഇന്ത്യയിൽ നിന്ന് ആദ്യ ഡോസ് കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഖത്തറിൽ രണ്ടാം ഡോസ് എടുക്കാൻ ചെയ്യേണ്ടതെന്ത്?

വാക്സീൻ വിതരണത്തിനായി ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൊവാക്സ് സമിതിയുമായുള്ള കരാറിന്റെ ഭാഗമായി 48000 ആസ്ട്രാസെനെക്ക വാക്സിനുകൾ ഖത്തറിലെത്തിയത് ഒരാഴ്ചയ്ക്ക് മുൻപാണ്. ഇന്ത്യയിൽ നിന്നും കൊവീഷീൽഡ്  വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്ത് ഖത്തറിലെത്തിയവർക്ക് ആശ്വാസകരമായിരുന്നു ഈ വാർത്ത.

ഇന്ത്യയിൽ നിന്ന് ആദ്യ ഡോസ് സ്വീകരിച്ചു 12 മുതൽ 16 ആഴ്ച്ച വരെ പിന്നിട്ടവർക്കാണ് രണ്ടാം ഡോസ് എടുക്കാൻ ഇന്ത്യൻ സർക്കാർ അനുമതിയുള്ളത്. ഇന്ത്യയിൽ നിന്ന് ഒരു ഡോസ് മാത്രം സ്വീകരിച്ചു ഖത്തറിലെത്തിയവർക്കും എത്താനിരിക്കുന്നവർക്കും രണ്ടാം ഡോസ് കൊവിഷീൽഡ് ഖത്തറിൽ നിന്നെടുക്കാൻ ചെയ്യേണ്ടതിപ്രകാരമാണ്:

ഖത്തറിൽ രണ്ടാം ഡോസ് എടുക്കാനായി, mzaman@hamad.qa എന്ന ഇ-മെയില്‍ വിലാസത്തില്‍ കോവിഷില്‍ഡ് ഫസ്റ്റ് ഡോസ് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും ഖത്തര്‍ ഐ.ഡി കാർഡും അപ്ലോഡ് ചെയ്ത് അപ്പോയ്ന്‍മെന്റ് ആവശ്യപ്പെടുക. തൊട്ടടുത്ത പ്രദേശങ്ങളിലെ പിഎച്ച്എസ്‌സിയേയും സമീപിക്കാം. തുടര്‍ന്ന് അധികൃതരിൽ നിന്ന് വാക്‌സിനേഷന്‍ തിയതിയും സമയവും സ്ഥലവും അറിയിച്ച് സന്ദേശമെത്തും. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനായി ഹെല്‍ത്ത് കാര്‍ഡ്, ഖത്തര്‍ ഐഡി, കോവിഷീല്‍ഡ് ഫസ്റ്റ് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവ കൈയില്‍ ഉണ്ടായിരിക്കണം.

രണ്ടാം ഡോസ് എടുത്തവർക്കെല്ലാം വാക്സീൻ മുഴുവൻ ഡോസും സ്വീകരിച്ച സർട്ടിഫിക്കറ്റ് ഹമദ് മെഡിക്കൽ കോർപ്പറേഷൻ നൽകും. തുടർന്ന് 10 ദിവസത്തിനുള്ളിൽ വാക്സിനേറ്റഡ് എന്ന നിലയിൽ ഇഹ്തിറാസ് ആപ്പിൽ അപ്‌ഡേറ്റും കാണിക്കും.

Exit mobile version