കൊവിഡ് വർധന: പിഎച്സിസിക്ക് പുറമെ, ഹമദും നേരിട്ടുള്ള ഓപി പകുതിയായി കുറച്ചു

ദോഹ: ഖത്തറിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി), 2022 ജനുവരി 2 ഞായറാഴ്ച മുതൽ ഓപി അപ്പോയിന്റ്മെന്റുകളുടെ 50 ശതമാനം ടെലിമെഡിസിൻ കൺസൾട്ടേഷനുകളിലേക്ക് മാറ്റി. ബാക്കി 50 ശതമാനം മാത്രമാണ് നേരിട്ടുള്ള കൺസൾട്ടേഷനുകളിൽ നൽകുക. കഴിഞ്ഞ ദിവസങ്ങളിൽ, ഖത്തർ പിഎച്സിസിയും തങ്ങളുടെ ജനറൽ, സ്‌പെഷ്യലൈസ്ഡ്, ഫാമിലി മെഡിസിൻ, ഡെന്റൽ സേവനങ്ങൾ 50% ഓണ്ലൈനിലേക്ക് മാറ്റിയിരുന്നു.

ടെലിമെഡിസിൻ ഔട്ട്പേഷ്യന്റ് കൺസൾട്ടേഷനുകൾ സ്വീകരിക്കുന്ന രോഗികളോട് അവരുടെ അപ്പോയിന്റ്മെന്റിനായി ആശുപത്രിയിൽ വരരുതെന്ന് എച്എംസി അഭ്യർത്ഥിച്ചു.  കൺസൾട്ടേഷനായി, അപ്പോയിന്റ്മെന്റ് ദിവസം ഡോക്ടർ രോഗിയെ ടെലിഫോൺ ചെയ്യും. രോഗിക്ക് നേരിട്ടുള്ള കൺസൾട്ടേഷൻ ആവശ്യമാണെന്ന് ഡോക്ടർക്ക് തോന്നുകയാണെങ്കിൽ, അവശ്യമായ ഒരുക്കത്തിന് ശേഷം രോഗിയെ അനുവദിക്കും.

എച്ച്എംസിയുടെ അത്യാഹിത വിഭാഗങ്ങളും ആംബുലൻസ് സേവനവും 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്. മെഡിക്കൽ അത്യാഹിതങ്ങൾക്ക് മാത്രം ഈ സേവനങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു..

ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ വൈകിട്ട് 3 വരെ 16000 എന്ന നമ്പറിൽ, അപകടാവസ്ഥയിൽ അല്ലാത്ത രോഗികളെ സഹായിക്കാൻ എച്ച്എംസിയുടെ വെർച്വൽ എമർജൻസി സർവ്വീസ് ലഭ്യമാണ്.

Exit mobile version