വർധിച്ച ജനത്തിരക്ക് പരിഗണിച്ചു കൊണ്ട് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസ്പോര്ട്ട് കൗണ്ടറുകളും ഇ-ഗെയിറ്റുകളും വർധിപ്പിക്കുമെന്ന് പാസ്പോർട് വിഭാഗം അറിയിച്ചു. ജവാസാത്ത് വക്താവ് മുഹമ്മദ് മുബാറക് അൽ ബൂഐൻ ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
വേനലവധി അവസാനിച്ചതോടെ ഖത്തറിലേക്ക് പലരും മടങ്ങുന്നത് കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എയര്പോര്ട്ടിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ നിയമിതരായ പുതിയ ഉദ്യോഗസ്ഥരുടെ പരിശീലനവും ജവാസാത്ത് പൂർത്തിയാക്കിയെന്നും അൽ ബൂഐൻ വ്യക്തമാക്കി. ലോകകപ്പ് അടുത്തതോടെ രാജ്യത്തേക്കുള്ള യാത്രക്കാരുടെ എണ്ണം പിന്നെയും വർധിച്ചിട്ടുണ്ട്. തിരക്ക് വര്ധിക്കുന്നതോടെ ഇമിഗ്രേഷൻ തുടങ്ങിയ നടപടികൾ വേഗത്തിലും ഉത്തരവാദിത്തത്തോടും പൂർത്തീകരിക്കാൻ ജവാസാത്ത് സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.