2024ന്റെ മൂന്നാം പാദത്തിൽ (Q3), ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (DOH) 13.7 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7.9 ശതമാനത്തിന്റെ വളർച്ച കാണിക്കുന്നു. നേരിട്ടുള്ള ഫ്ലൈറ്റുകളുടെ വർദ്ധനവും ഇതിനു കാരണമായി, പോയിൻ്റ് ടു പോയിൻ്റ് ട്രാഫിക് 11.7 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്.
വിമാനയാത്രയ്ക്കുള്ള ഉയർന്ന ഡിമാൻഡാണ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായത്. വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ മാസമാണ് ജൂലൈ, 4,742,068 യാത്രക്കാരെയാണ് ഈ മാസത്തിൽ കൈകാര്യം ചെയ്‌തത്. ഓഗസ്റ്റിൽ 4,717,885 പേർക്കും സെപ്റ്റംബറിൽ 4,246,742 പേർക്കും സേവനങ്ങൾ നൽകി.
മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ എന്നിവ യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന വളർച്ച കൈവരിച്ചു, യൂറോപ്പിൽ സ്‌പെയിൻ, യുകെ, ജർമ്മനി എന്നിവയാണ് ഏറ്റവും വലിയ വളർച്ച കണ്ട വിപണികൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 43% വർധനവോടെ ചൈന ശക്തമായ വളർച്ച കാണിച്ചു.
ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് 2024 ലെ മൂന്നാം പാദത്തിൽ 71,425 വിമാനങ്ങളുടെ പോക്കുവരവുകൾ നിയന്ത്രിച്ചു, ഇത് കഴിഞ്ഞ വർഷം ഇതേ പാദത്തേക്കാൾ 6.2 ശതമാനം കൂടുതലാണ്. ജൂലൈയിൽ 24,179 ടേക്ക് ഓഫുകളും ലാൻഡിംഗുകളും നടന്നപ്പോൾ, ഓഗസ്റ്റിൽ 24,329, സെപ്റ്റംബറിൽ 22,917 എന്നിങ്ങനെയാണ് കണക്കുകൾ.
എയർപോർട്ട് 2024ന്റെ മൂന്നാം പാദത്തിൽ 670,643 ടൺ ചരക്ക് കൈകാര്യം ചെയ്തു, 2023 ലെ മൂന്നാം പാദത്തേക്കാൾ 13.5 ശതമാനം വർദ്ധനവാണിത്. കൂടാതെ, ഈ കാലയളവിൽ 11 ദശലക്ഷത്തിലധികം ബാഗുകളും വിമാനത്താവളത്തിൽ പ്രോസസ്സ് ചെയ്തു, കഴിഞ്ഞ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് 8.9 ശതമാനം വർദ്ധനവ്.
യാത്രക്കാർക്കും ബിസിനസുകൾക്കും മികച്ച കണക്റ്റിവിറ്റിയും സേവനങ്ങളും പ്രദാനം ചെയ്യുന്ന ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് ഒരു ആഗോള ഹബ്ബ് എന്ന നിലയിൽ അതിൻ്റെ പദവി നിലനിർത്തുന്നു. വിമാനത്താവളത്തിൻ്റെ വിപുലീകരണം, മെച്ചപ്പെടുത്തലുകൾ, അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ എന്നിവ വർദ്ധിച്ചുവരുന്ന യാത്രക്കാരുടെയും ചരക്കുകളുടെയും അളവ് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.