ലോകകപ്പ് കാലത്ത് ഖത്തറിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ആരാധകർക്കുള്ള ഏക ഗേറ്റ്‌വേ ഹയ്യ കാർഡായിരിക്കുമെന്ന് ഡെലിവറി ആൻഡ് ലെഗസിയുടെ സുപ്രീം കമ്മിറ്റി സ്ഥിരീകരിച്ചു. എന്നാൽ ഇതിൽ പൗരന്മാർക്കും താമസക്കാർക്കും ഇളവുണ്ട്.
പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ഇന്നലെ ഫോർ സീസൺസ് ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ലോകകപ്പ് സംഘാടക സമിതി ഇക്കാര്യം വ്യക്തമാക്കിയത്. പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് നിർബന്ധമാണ് എന്ന തരത്തിൽ ഉണ്ടായ ആശയക്കുഴപ്പം ക്യൂ.എൻ.എ തിരുത്തി.
ടൂർണമെന്റിനിടെ രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന (പൗരന്മാരും താമസക്കാരും ഒഴികെയുള്ള) ആരാധകർ ഒരു ഡിജിറ്റൽ ഹയ്യ കാർഡ് നേടേണ്ടതുണ്ടെന്നും അതിന് ടിക്കറ്റ് വാങ്ങണമെന്നും ഹയ്യ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു.
മാർച്ചിൽ ആരംഭിച്ച ഹയ്യ കാർഡ് ഖത്തർ സംസ്ഥാനത്തിലേക്കുള്ള പ്രവേശനാനുമതിയായി പ്രവർത്തിക്കുന്നു. സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിനു പുറമേ, ഇത് സൗജന്യ പൊതുഗതാഗതത്തിനും ഉപയോഗിക്കാം. മത്സരത്തോടൊപ്പമുള്ള നിരവധി പരിപാടികളിൽ പങ്കെടുക്കാനും ഹയ്യ കാർഡ് ആരാധകരെ അനുവദിക്കും