മമ്മൂട്ടിയുടേയും ലാൽ മീഡിയയുടെയും പേരിൽ ഖത്തർ കേന്ദ്രീകരിച്ച് തട്ടിപ്പ്

മമ്മൂട്ടിയുടേയും സംവിധായകനും നടനുമായ ലാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ ലാൽ മീഡിയയുടേയും പേരിൽ ഖത്തറിൽ തട്ടിപ്പ് നടക്കുന്നതായി വെളിപ്പെടുത്തൽ. ഒരു വര്‍ഷത്തോളമായി ദോഹ, ഖത്തര്‍ എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ഒഡീഷന്‍, വര്‍ക്ക്ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്നീ രീതിയിലുള്ള വലിയ തട്ടിപ്പുകള്‍ നടക്കുന്നതായാണ് പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷ ഫേസ്‌ബുക്ക് വഴി അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ഇത്തരം ഒരു പ്രൊജക്റ്റും നടക്കുന്നില്ല എന്ന് ബാദുഷ അറിയിച്ചു. ഇതിനെതിരെ ലാല്‍ മീഡിയ നിയമ നടപടിക്ക് ഒരുങ്ങുകയാണ് എന്ന് അറിയിച്ചിട്ടുണ്ട്. ഈ തട്ടിപ്പിന്റെ പേരില്‍ നടക്കുന്ന പണമിടപാടുകള്‍ക്ക് ലാല്‍ മീഡിയ ഉത്തരവാദികള്‍ അല്ലെന്നും ആയതിനാല്‍ തട്ടിപ്പില്‍ കുടുങ്ങരുത് എന്നും ബാദുഷ മുന്നറിയിപ്പ് നൽകുന്നു.

‘കാണാതെ’ എന്ന പേരില്‍ മമ്മൂട്ടിയുടെ ചിത്രമുള്ള ഒരു പോസ്റ്ററും ബാദുഷ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റര്‍ ഉപയോഗിച്ച് വ്യാജ പരസ്യം നൽകി ഓഡിഷനു വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ബാലതാരങ്ങളെയും മറ്റും ഓഡിഷനു വിളിക്കുകയും മുൻകൂറായി പണം ആവശ്യപ്പെടുകയും ചെയ്യുന്നു.

2017 ൽ കേരളത്തിൽ നടന്ന തട്ടിപ്പിന്റെ അതേ മാതൃകയിലാണ് ഒരു വർഷത്തോളമായി ഖത്തറിലും നടക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Exit mobile version