ഖത്തർ ബോട്ട് ഷോ 2024-ൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഓൾഡ് ദോഹ പോർട്ട് അറിയിച്ചു. നാല് ദിവസം നീണ്ടു നിൽക്കുന്ന ഈ ഇവന്റ് നവംബർ 6, നാളെയാണ് ആരംഭിക്കുന്നത്. കൂടാതെ ഓൾഡ് ദോഹ പോർട്ട് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ എഡിഷനാണിത്. ലോകമെമ്പാടുമുള്ള സമുദ്ര വ്യവസായ രംഗത്തെ പ്രമുഖരെ ഖത്തർ ബോട്ട് ഷോ ഒരുമിച്ചു കൊണ്ടുവരും, മേഖലയിൽ ഈ ഇന്ഡസ്ട്രിയെ സംബന്ധിച്ച് വലിയൊരു നാഴികക്കല്ലായിരിക്കുമിത്.
ലോക്കൽ, റീജിയണൽ, ഇന്റർനാഷണൽ ബ്രാൻഡുകൾ ഈ പരിപാടിയിൽ വിവിധതരം സമുദ്ര, ആഡംബര ജീവിതശൈലി ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള മറൈൻ സ്‌പോർട്‌സ്, ഡൈവിംഗ്, ഫിഷിംഗ് ഗിയർ എന്നിവയിലെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ കാണാൻ കഴിയുമെന്ന് പങ്കെടുക്കുന്നവർക്ക് പ്രതീക്ഷിക്കാം.
ബോട്ട്, യാച്ച് ഉടമകൾ, വാട്ടർ സ്‌പോർട്‌സ് പ്രേമികൾ, ക്യാപ്റ്റൻമാർ, നാവികർ, മുങ്ങൽ വിദഗ്‌ദ്ധർ തുടങ്ങി നിരവധി ആളുകളെ ഖത്തർ ബോട്ട് ഷോ സ്വാഗതം ചെയ്യും. സന്ദർശകർക്കും പ്രദർശനം നടത്തുന്നവർക്കും ആകർഷകമായ അനുഭവം പ്രദാനം ചെയ്യുന്ന, സമുദ്ര ജീവിതശൈലിയുടെ കേന്ദ്രമെന്ന നിലയിൽ വളർന്നുവരുന്ന ഖത്തറിനെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച അവസരമാണ്.
ഷോയിലെ ഷോർലൈൻ ഡിസ്പ്ലേയിൽ 350-ലധികം ബ്രാൻഡുകൾ ഓൺ-ലാൻഡ് ബോട്ടുകളുടെ മനോഹരമായ ലൈനപ്പ് അവതരിപ്പിക്കും. ഓഷ്യാനിക് ഡിസ്‌പ്ലേ വെള്ളത്തിലുള്ള നൗകകൾ പ്രദർശിപ്പിക്കും, അതേസമയം വാട്ടർ സ്‌പോർട്‌സ് ഏരിയ ആവേശകരമായ ജല കായിക പ്രദർശനങ്ങൾ, നൃത്ത ജലധാരകൾ, കരിമരുന്ന് പ്രദർശനം എന്നിവയും സംഘടിപ്പിക്കും.