2022 ഒക്ടോബർ 2 മുതൽ എ-റിംഗ് റോഡിലെ പബ്ലിക് ബസ് ലെയ്‌നിൽ പ്രവേശിക്കുന്ന അനധികൃത വാഹനങ്ങൾക്ക് പിഴ ഈടാക്കുമെന്ന് കോർണിഷ് സ്ട്രീറ്റ് ക്ലോഷർ ഇംപ്ലിമേഷൻ പ്ലാൻ കമ്മിറ്റി അറിയിച്ചു. പൊതു ബസുകൾക്കും ടാക്‌സികൾക്കും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പാത നിശ്ചയിച്ചിരിക്കുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
പുലർച്ചെ 2 മുതൽ രാവിലെ 8 വരെ മാത്രം പാത ഉപയോഗിക്കാൻ മറ്റു വാഹനങ്ങൾക്ക് അനുവാദമുണ്ട്. അല്ലാത്ത സമയങ്ങളിൽ ലെയിനിലെത്തുന്ന എല്ലാ അനധികൃത വാഹനങ്ങൾക്കും ആർട്ടിക്കിൾ 49 അടിസ്ഥാനമാക്കി – ബന്ധപ്പെട്ട അധികാരികൾ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഫിഫ ലോകകപ്പ് ഖത്തർ 2022 കാലത്ത് ആരാധകർക്ക് സുഗമമായ ഗതാഗത അനുഭവം നൽകുന്നതിനായി പൊതു ബസുകൾ, ടാക്സികൾ, അംഗീകൃത വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമായി ജൂലായിൽ ആണ് ലെയിൻ പാത ആരംഭിക്കുന്നത്.
വിവിധ വാണിജ്യ, പാർപ്പിട മേഖലകളെയും സേവന സൗകര്യങ്ങളെയും കൂടാതെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന എ-റിങ് റോഡ് ദോഹയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായാണ് കണക്കാക്കുന്നത്.