ലോകകപ്പ് ടിക്കറ്റ് കിട്ടിയോ…അറിയാം ഇന്ന് മുതൽ

ദോഹ: 2022 ഖത്തർ ലോകകപ്പിന്റെ ആദ്യ ഘട്ട ടിക്കറ്റ് വിൽപ്പനയിൽ ജനുവരി 19 മുതൽ ഫെബ്രുവരി 8 വരെ അപേക്ഷിച്ചവർക്ക് ടിക്കറ്റ് ലഭിച്ചോ എന്ന് ഇന്ന് മുതൽ അറിയാം. 1 കോടി 70 ലക്ഷം അപേക്ഷകളാണ് ഈ ഘട്ടത്തിൽ ലഭിച്ചത്. ഇതിൽ 10 ലക്ഷത്തോളം പേർക്ക് മാത്രമാണ് ടിക്കറ്റ് ലഭിക്കുക.

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അപേക്ഷരുടെ ഫലം ഫിഫ ഇന്ന് മുതൽ പുറത്തുവിടും. അപേക്ഷിച്ചവർക്ക് ഫിഫ.കോമിലെ തങ്ങളുടെ ഫിഫ ടിക്കറ്റിംഗ് അക്കൗണ്ടിൽ ലോഗിൻ ചെയ്ത് സ്റ്റാറ്റസ് അറിയാം.

അപേക്ഷാഫലം രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ ലഭിക്കും. പെയ്‌മെന്റിനായി ചെയ്യേണ്ട തുടർ നടപടികളും നിർദ്ദേശിക്കും.

ടിക്കറ്റ് വിജയിച്ചവരോ ഭാഗികമായി വിജയിച്ചവരോ മാർച്ച് 8 ഖത്തർ സമയം ഉച്ചയ്ക്ക് 1 മുതൽ മാർച്ച് 21 ഉച്ചയ്ക്ക് 1 മണി വരെ വരെ പണമടച്ചു ടിക്കറ്റ് വാങ്ങണം. ഈ കാലയളവിൽ കഴിയുന്നതും നേരത്തെ മുഴുവൻ പണവുമടക്കണം. പേയ്‌മെന്റ് പൂർത്തിയാക്കാത്ത പക്ഷം ടിക്കറ്റ് അപേക്ഷ മുഴുവനായും കാൻസൽ ചെയ്യപ്പെടും. മറ്റൊരു അവസരം നൽകില്ലെന്നും ഫിഫ അറിയിച്ചു.

ഖത്തർ റെസിഡന്റ്സിന് വീസ കാർഡിലൂടെ മാത്രമേ പണമടക്കാനാകൂ. മറ്റുള്ളവർക്ക് വീസ ഉൾപ്പെടെ നിശ്ചിത പേയ്‌മെന്റ് മോഡുകൾ ഉപയോഗിക്കാം.

ടിക്കറ്റ് വാങ്ങിയവർ നിർബന്ധമായും ഖത്തർ സർക്കാരിന്റെ ഹയ്യ കാർഡിന് (ഫാൻ ഐഡി) അപേക്ഷിക്കണം. ലോകകപ്പിനെത്തുമ്പോളുള്ള അക്കമഡേഷനും കൺഫേം ചെയ്യണം. മാർച്ച് 21 ന് ശേഷമാണ് ഫാൻ ഐഡിക്ക് അപേക്ഷിക്കേണ്ടത്. ഇതിന് ഫിഫയുമായി ബന്ധമില്ല.

ഫാൻ ഐഡി അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: Qatar2022.qa

Exit mobile version