ദോഹ: മൊവാസലാത്തിലെ ഇലക്ട്രിക് ബസ് ചാര്ജിംഗ് സ്റ്റേഷൻ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈത്തി ഇന്ന് ടെസ്റ്റ് ഓപ്പറേഷൻ നടത്തി ഉദ്ഘാടനം ചെയ്തു. 2022 ഫിഫ ഖത്തർ ലോകകപ്പിനായുള്ള പൊതുഗതാഗതത്തിൽ മുഖ്യപങ്ക് വഹിക്കുമെന്ന് കരുതപ്പെടുന്ന ഇലക്ട്രിക് ബസുകളുടെ ആദ്യ ബാച്ച് ഖത്തറിലെത്തുന്നതിനൊപ്പമാണ് പുതിയ ചാര്ജിംഗ് സ്റ്റേഷനും തുറക്കുന്നത്. പൂർണമായും പരിസ്‌ഥിതി സൗഹാർദമായ പൊതുഗതാഗതമാണ് ലോകകപ്പിനായി ഖത്തർ അവലംബിക്കുന്നത്.
ഖത്തറിലെ റോഡുകൾക്കും കലാവസ്ഥയ്ക്കും അനുയോജ്യമായി രൂപകൽപ്പന ചെയ്യപ്പെട്ട ബസുകൾ 350 കിലോവാട്ട് ഹവർ ലിഥിയം-അയണ് ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. വാഹനലോകത്തെ ഏറ്റവും നൂതനവും സുരക്ഷിതവുമായ ലിഥിയം അയോൺ ബാറ്ററിയായ ഇത് ഫുൾ ചാർജിൽ 200 കിലോമീറ്ററിൽ കൂടുതൽ ശരാശരി ഇന്ധനക്ഷമത നൽകുന്നതാണ്.