ഈദ് നമസ്കാരം: വിശ്വാസികൾക്കുള്ള നിർദ്ദേശങ്ങളുമായി ഔഖാഫ്

ദോഹ: ഖത്തറിൽ പെരുന്നാൾ നമസ്കാരത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായി മതകാര്യ വകുപ്പ് (ഔഖാഫ്) അറിയിച്ചു. മസ്ജിദുകളും ഈദ് ഗാഹുകളുമുൾപ്പടെ 900-ന് മുകളിൽ കേന്ദ്രങ്ങളിലായാണ് ബലിപെരുന്നാൾ നമസ്കാരം നടക്കുക. പള്ളികളും ഈദ് ഗാഹുകളുമെല്ലാം പ്രത്യേകമായി ക്ളീൻ ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഖത്തർ നഗരസഭാ വകുപ്പുമായി ചേർന്നുള്ള ക്ളീനിംഗ് ജോലികൾ പൂർത്തിയായി. കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും മസ്ജിദുകളിൽ ഈദ് പ്രാർത്ഥനകൾ നടക്കുക. രാവിലെ 5:10 മുതൽ നമസ്കാരം ആരംഭിക്കും. 

പ്രാർത്ഥനക്കെത്തുന്നവർ വീടുകളിൽ നിന്ന് തന്നെ അംഗശുദ്ധി വരുത്തിയിട്ട് വേണം വരാൻ. ശുചീകരണ സംവിധാനങ്ങൾ പള്ളികളിൽ അനുവദിക്കില്ല. നിസ്കരിക്കാനുള്ള പായയും സ്വയം കൊണ്ട് വരണം. ഹസ്തദാനത്തിനും ആലിംഗനത്തിനും വിലക്കുണ്ട്. വിശ്വാസികൾ സാമൂഹ്യ അകലം പാലിക്കണം. മാസ്‌ക് ധാരണം നിർബന്ധം. ഇഹ്തിരാസ് ആപ്പ് പരിശോധിച്ചു ഉറപ്പുവരുത്തിയതിന് ശേഷമാവും പള്ളികളിൽ പ്രവേശനം. സ്ത്രീകൾക്ക് ഇപ്രാവശ്യവും ഈദ് നമസ്കാരത്തിന് അനുമതിയില്ല. നമസ്കാര കേന്ദ്രങ്ങളിലും, അറവുശാലകളിലും ഹൈവേകളിലും ട്രാഫിക് പോലീസിന്റെ നേത്രത്വത്തിൽ നിരീക്ഷണം കർശനമാക്കും.

Exit mobile version