ഞായറാഴ്‌ച നാല് വയസുകാരിയായ മിൻസ മറിയം ജേക്കബിന്റെ ജീവനെടുത്ത ദാരുണമായ സംഭവത്തിൽ, സ്വകാര്യ കിന്റർഗാർട്ടൻ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) തീരുമാനിച്ചു.
അൽ വക്രയിലെ സ്പ്രിംഗ്ഫീൽഡ് കിന്റർഗാർട്ടനാണ് മന്ത്രാലയം പൂട്ടിയത്. ഇവിടെ കെജി 1 വിദ്യാർത്ഥിയായിരുന്നു മിൻസ. സ്‌കൂളിലെ ബസുകളിലൊന്നിൽ ശ്വാസം മുട്ടി കുട്ടി മരിച്ച സംഭവം രാജ്യത്തെയാകെ നടുക്കിയിരുന്നു. പ്രവാസി ബാലികയുടെ മരണം ഇന്ത്യൻ കമ്യൂണിറ്റിയിലും വിദേശികൾക്കിടയിലും ഒരുപോലെ പ്രകോപനം സൃഷ്ടിച്ചു.
അന്വേഷണത്തിൽ സ്‌കൂൾ ജീവനക്കാരുടെ അനാസ്ഥ തെളിഞ്ഞതോടെ ഏറ്റവും കടുത്ത ശിക്ഷയാണ് ചുമത്തുന്നതെന്ന് മന്ത്രാലയം പറഞ്ഞു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പുതുക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.