ദോഹ: ഡെലിവറി സ്റ്റോറിൽ നിന്ന് ചീഞ്ഞ തക്കാളി കിട്ടിയ കസ്റ്റമർ വിവരം നേരെ ട്വിറ്ററിൽ കമന്റ് ആയി ഇട്ടു. ശ്രദ്ധയിൽ പെട്ട ദോഹ മുൻസിപ്പാലിറ്റി അധികൃതർ ഡെലിവറി പോയ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫുഡ് സപ്ലെയർ കമ്പനി റെയ്ഡ് ചെയ്തപ്പോൾ കണ്ടത് ചീഞ്ഞതും പഴകിയതുമായ തക്കാളിയും മറ്റു പച്ചക്കറികളും തന്നെ. മോശം സ്റ്റോറേജ്, ക്രമീകരണ സംവിധാനങ്ങളും ട്രാൻസ്പോർട്ടേഷനും കൊണ്ട് നാശകോശമായിരുന്നു ഗോഡൗണിൽ സൂക്ഷിച്ച മിക്ക ഭക്ഷ്യവസ്തുക്കളും.
1990 ലെ ഭക്ഷ്യ നിയമം നമ്പർ 8 പ്രകാരം സ്ഥാപനത്തിനെതിരെ കേസെടുത്ത മുൻസിപ്പാലിറ്റി ഉടൻ തന്നെ പിടിച്ചെടുത്ത മുഴുവൻ സാധനങ്ങളും നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കൾ ഒന്നും തന്നെ ആഹാരയോഗ്യമായിരുന്നില്ല എന്നു പരിശോധകർ കണ്ടെത്തി.
കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നറിയിച്ച മുൻസിപ്പാലിറ്റി ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ഡെലിവറി ചെയ്യുന്ന ഏജൻസികൾ വസ്തുക്കളുടെ ഗുണമേന്മയും കാലാവധിയും ഉറപ്പു വരുത്തേണ്ടതുണ്ടെന്നും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മെയ് മുതൽ ഖത്തറിലുടനീളം നഗരസഭകൾ ഭക്ഷ്യസുരക്ഷാബോധവൽക്കരണവും ഔദ്യോഗിക റെയ്ഡും നടത്തിയത്തിയിട്ടും നിയമലംഘനങ്ങൾ തുടരുന്നു എന്നതാണ് പ്രസ്തുത സംഭവം സൂചിപ്പിക്കുന്നത്. ഒപ്പം ഉപഭോക്താക്കൾക്ക് ഖത്തർ അധികൃതരിലേക്ക് ഏറ്റവും ലളിതമായ മാർഗങ്ങളിലൂടെ എത്തിച്ചേരാൻ ആവുന്നതിന്റെ ഉദാഹരണവുമാണ്.