ദോഹയിൽ മുൻസിപ്പാലിറ്റി ഈ വർഷം ഇത് വരെ അടച്ചുപൂട്ടിയത് 117 ഭക്ഷ്യകേന്ദ്രങ്ങൾ.

ദോഹ: ഖത്തർ നഗരസഭാ പരിസ്‌ഥിതി മന്ത്രാലയത്തിന്റെ കീഴിൽ ദോഹ മുൻസിപ്പാലിറ്റി ഈ വർഷം ആദ്യ ആറുമാസം ദോഹയിലുടനീളമുള്ള ഭക്ഷണകേന്ദ്രങ്ങളിൽ നടത്തിയത് 20,180 പരിശോധനകൾ. ഭക്ഷ്യസുരക്ഷയും ശുചിത്വവുമായി ബന്ധപ്പെട്ട 993 നിയമലംഘനങ്ങളാണ് ഇത് വരെ കണ്ടെത്തിയത്. ഇതിൽ 117 സ്ഥാപനങ്ങൾ ലൈസൻസ് റദ്ദാക്കി പൂർണമായും അടച്ചുപൂട്ടി. 131 കേസുകൾ ക്രിമിനൽ നടപടിക്കായി പൊലീസിന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. ഭക്ഷ്യസുരക്ഷയും പൊതുശുചിത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സമീപമാസങ്ങളിൽ ഖത്തറിലെ ഭക്ഷ്യശാലകളിലും സംഭരണ കേന്ദ്രങ്ങളിലുമെല്ലാം മുൻസിപ്പാലിറ്റികളുടെ മിന്നൽ പരിശോധനകൾ നടന്നിരുന്നു. കാലാവധി കഴിഞ്ഞതും നാശനഷ്ടം സംഭവിച്ചതുമായ ഭക്ഷ്യവസ്തുക്കൾ പലയിടത്തും പിടിച്ചെടുത്തു. ഖത്തറിലെ റസ്റ്ററന്റുകളിലും ഫുഡ് ഔട്ലറ്റുകളിലും നിലവിൽ ഖത്തർ ക്ലീൻ സർട്ടിഫിക്കേഷൻ നടപടികൾ പുരോഗമിക്കുന്നുണ്ട്.

ഭക്ഷണശാലകൾക്ക് പുറമെ പരിസ്ഥിതി വകുപ്പുമായി സഹകരിച്ച്, വ്യവസായ മേഖലകളിലും ശുചിത്വവും ലൈസൻസ് പ്രോട്ടോക്കോളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുന്സിപ്പാലിറ്റികൾ ക്യാമ്പയിൻ നടത്തുന്നുണ്ട്. തിങ്കളാഴ്ച്ച അൽഷെഹനിയാ നഗരസഭയിൽ കണ്സ്ട്രക്ഷൻ മാലിന്യം അനുവദിച്ചതല്ലാത്ത സ്ഥലത്ത് തള്ളിയ കാർ ഉടമയ്ക്കെതിരെ മന്ത്രാലയം നിയമനടപടി സ്വീകരിച്ചിരുന്നു. 

Exit mobile version