അറബ് കപ്പ്: സർവീസ് സമയം കൂട്ടി ദോഹ മെട്രോ; റെഡ് ലൈനിൽ ആദ്യമായി 6 കാർ ട്രെയിനുകൾ

ഫിഫ അറബ് കപ്പ് ടൂർണമെന്റിന്റെ ഭാഗമായി, നവംബർ 30 മുതൽ ഡിസംബർ 18 വരെ, ദോഹ മെട്രോ സർവീസ് സമയം നീട്ടിയതായി ഖത്തർ റെയിൽ അറിയിച്ചു. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 6 മുതൽ പുലർച്ചെ 3 വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ പുലർച്ചെ 3 വരെയും ആയിരിക്കും പുതിയ സമയക്രമം.

ടൂർണമെന്റ് സമയത്തെ അധിക ആവശ്യം നിറവേറ്റുന്നതിനായി റെഡ് ലൈനിൽ 6 കാർ ട്രെയിനുകൾ ആദ്യമായി സർവീസ് നടത്തും.  110 ട്രെയിനുകൾ ഉൾപ്പെടുന്ന ദോഹ മെട്രോ ട്രെയിൻ ഫ്ലീറ്റും പൂർണമായും പ്രവർത്തനക്ഷമമാകും.

ദോഹ മെട്രോ ഫുട്ബോൾ ആരാധകർക്ക് തടസ്സമില്ലാത്ത ഗതാഗത അനുഭവവും, ട്രാഫിക്ക് കുരുക്കിൽ നിന്ന് അകന്ന് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ യാത്രയും സാധ്യമാക്കുമെന്നാണ് കരുതുന്നത്.

അതേസമയം, ടൂർണമെന്റ് നടക്കുന്ന സ്റ്റേഡിയങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന മെട്രോ സ്റ്റേഷനുകളിൽ പൊതുജനങ്ങളുടെ വലിയ തിരക്കും പ്രതീക്ഷിക്കുന്നുണ്ട്. 

അടുത്തുള്ള മെട്രോ സ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ മൂന്ന് സ്റ്റേഡിയങ്ങൾ ലഭ്യമാണ്. പൊതുജനങ്ങൾക്ക് റാസ് ബു അബൗദ് സ്റ്റേഷൻ വഴി സ്റ്റേഡിയം 974 ലേക്ക് പോകാം. എജ്യുക്കേഷൻ സിറ്റി സ്റ്റേഷൻ വഴി എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, റിഫ സ്റ്റേഷൻ വഴി അഹമ്മദ് ബിൻ അലി സ്റ്റേഡിയം എന്നിവിടങ്ങളിലേക്കും പോകാൻ സാധിക്കും.

Exit mobile version