ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അൻപത് ശതമാനം ഇളവോടു കൂടി അടക്കാനുള്ള സൗകര്യം ഓഗസ്റ്റ് മാസത്തോടെ അവസാനിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മെയ് മാസത്തിലാണ് ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും കൂടെ പിഴകൾക്ക് ഇളവ് നൽകാനുള്ള തീരുമാനം അവതരിപ്പിച്ചത്.
ഗൾഫിലേക്കും അതിന്റെ പരിസരപ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചതാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനത്തിനു പിന്നിലെ പ്രധാന കാരണം. ഖത്തരി പൗരന്മാർ, റെസിഡൻഡ്‌സ്, സന്ദർശകർ, ജിസിസി രാജ്യങ്ങളിലെ പൗരന്മാർ എന്നിവർ ഈ പിഴയിളവിന് അർഹരാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ജൂൺ 1 മുതൽ ആരംഭിച്ച ഈ സംവിധാനം ഈ വർഷം ഓഗസ്റ്റ് 31വരെ തുടരും. മൂന്നു വർഷത്തിൽ കൂടാത്ത കാലയളവിനുള്ളിൽ രേഖപ്പെടുത്തിയ നിയമലംഘങ്ങൾക്കും ഈ ഇളവ് ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.