ഖത്തറിലെ ഡെപ്യൂട്ടി അമീറായ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, 2024 നവംബർ 26 ചൊവ്വാഴ്‌ച്ച, മെസായിദ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ബ്ലൂ അമോണിയ പ്ലാൻ്റ് പദ്ധതിക്ക് തറക്കല്ലിട്ടു. പ്രതിവർഷം 1.2 ദശലക്ഷം ടൺ ഉൽപാദന ശേഷിയുള്ള ലോകത്തിലെ ആദ്യത്തെയും, ലോകത്തിലെ ഏറ്റവും വലുതുമായ ബ്ലൂ അമോണിയ പ്ലാന്റിനെക്കുറിച്ചുള്ള ഡോക്യൂമെന്ററിയും പ്രദർശിപ്പിച്ചു. 2026 ൻ്റെ രണ്ടാം പാദത്തിൽ പ്ലാൻ്റ് പ്രവർത്തനം ആരംഭിക്കും.
കാർബണിന്റെ അളവ് കുറഞ്ഞ അമോണിയ സൃഷ്ടിച്ച് ശുദ്ധമായ ഊർജ ഉത്പാദനം വിപുലീകരിക്കാനുള്ള ഖത്തർ എനർജിയുടെ പദ്ധതിയുടെ പ്രധാന ഭാഗമാണ് ഈ പദ്ധതി. CO2 ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ പരിഹാരമായി ബ്ലൂ അമോണിയ കണക്കാക്കപ്പെടുന്നു.
ഊർജകാര്യ സഹമന്ത്രി സാദ് ബിൻ ഷെരീദ അൽ കാബി ചടങ്ങിൽ പ്രഭാഷണം നടത്തി. പ്രതിവർഷം 1.2 ദശലക്ഷം ടൺ ശേഷിയുള്ള അമോണിയ ഉൽപ്പാദന യൂണിറ്റും പ്രതിവർഷം 1.5 ദശലക്ഷം ടൺ CO2 പിടിച്ചെടുക്കാനും സംഭരിക്കാനുമായി പ്ലാൻ്റിൽ ഒരു പ്രത്യേക യൂണിറ്റും ഉൾപ്പെടുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മെസായിദ് ഇൻഡസ്ട്രിയൽ സിറ്റിയിൽ നിലവിൽ നിർമാണം പുരോഗമിക്കുന്ന സോളാർ പവർ പ്ലാൻ്റിൽ നിന്ന് 35 മെഗാവാട്ടിലധികം വൈദ്യുതിയും പ്ലാൻ്റിന് ഊർജം പകരും.
ഖത്തർ എനർജിയുടെയും ഖത്തർ ഫെർട്ടിലൈസർ കമ്പനിയുടെയും (ക്യുഎഎഫ്‌സിഒ) സഹകരണത്തോടെയാണ് അമോണിയ പ്ലാൻ്റുകൾ നിർമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിരവധി മന്ത്രിമാരും സിഇഒമാരും ഖത്തർ എനർജിയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് അതിഥികളും പങ്കെടുത്തു.
ഏകദേശം 4.4 ബില്യൺ ഖത്തർ നിക്ഷേപം പ്രതിനിധീകരിക്കുന്ന പ്ലാൻ്റ് മെസായിദ് ഇൻഡസ്ട്രിയൽ സിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പെട്രോകെമിക്കൽ കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി നിൽക്കുന്ന തുറമുഖവുമായി ബന്ധപ്പെട്ടു കിടക്കുന്ന മികച്ച അടിസ്ഥാന സൗകര്യങ്ങളും മറ്റും കണക്കാക്കിയാണ് ഈ ഈ സൈറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
ശുദ്ധമായ ഊർജ്ജത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വളരാനുള്ള ഖത്തർ എനർജിയുടെ ശ്രമങ്ങളിൽ സുപ്രധാനമായ ഒരു ചുവടുവെപ്പ് അടയാളപ്പെടുത്തിക്കൊണ്ട് 2026-ൻ്റെ രണ്ടാം പാദത്തിൽ പ്ലാന്റിൽ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.