ലോഹക്കൂടുകൾ മുറിച്ച്, ‘ഷാബു’ കടത്താനുള്ള ശ്രമം പൊളിച്ച് ഖത്തർ കസ്റ്റംസ്

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ പോസ്റ്റൽ കൺസൈന്മെന്റ് പ്രതിനിധി വിഭാഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. കാർ സ്പെയർപാർട്ട്സിന്റെ ഉള്ളിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാമോളം വരുന്ന ഷാബു ആണ് കസ്റ്റംസ് പിടികൂടിയത്. സ്പെയർപാർട്ട്സിന്റെ ലോഹപ്പാളികൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. സ്പെയർപാർട്സിന്റെ ലോഹക്കൂട് മുറിച്ചുപരിശോധിക്കുന്ന വീഡിയോയും കസ്റ്റംസ് പങ്കുവച്ചിട്ടുണ്ട്. “പാവപ്പെട്ടവന്റെ കൊക്കൈൻ” എന്നറിയപ്പെടുന്ന ഷാബൂ വെള്ള നിറത്തിലുള്ള മണമില്ലാത്ത ക്രിസ്റ്റലോ അതിന്റെ പൊടിയോ ആണ്.

ഖത്തർ കസ്റ്റംസിന്റെ പിടിയിൽ വീഴുന്ന വിവിധ തരം കള്ളക്കടത്തുകൾ തുടർക്കഥയാവുകയാണ്. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 16500 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ, kafih@customs.gov.qa എന്ന ഇമെയിലോ അറിയിക്കണമെന്നാണ് കസ്റ്റംസിന്റെ നിർദ്ദേശം. ഇതിലൂടെ പൂർണ്ണരഹസ്യാത്മകതയിൽ തന്നെ വിവരങ്ങൾ അറിയിക്കാൻ സാധിക്കും.

Exit mobile version