ഖത്തറിൽ കൊവിഡ് ഉയർന്നു തന്നെ; കേസുകൾ 2000 കടന്നു

ദോഹ: ഖത്തറിൽ ആകെ കൊവിഡ് കേസുകൾ 2000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 158 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ആഴ്ചകളായി രാജ്യത്ത് രോഗബാധ നേരിയ രീതിയിൽ ഉയരുന്ന പ്രവണത തുടരുകയാണ്.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ ഖത്തറിലുള്ളവരും 20 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. ഇതോടെ ആക്റ്റീവ് കേസുകൾ 2013 ലേക്ക് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ഭേദമായവരുടെ എണ്ണം 139 ആണ്. ഇന്നലെ ചെയ്ത 18048 ടെസ്റ്റുകളിൽ നിന്നാണ് ഈ കണക്കുകൾ. രാജ്യത്ത് മരണസംഖ്യ 611 ൽ തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തീവ്രപരിചരണ വിഭാഗത്തിൽ ഒരാൾ ഉൾപ്പെടെ 10 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രിയിലെ ആകെ രോഗികളുടെ എണ്ണം 84 ആയി. ഇതിൽ 15 പേരാണ് ഐസിയുവിൽ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,565 ഡോസ് കോവിഡ് വാക്സിനുകൾ നൽകി. ബൂസ്റ്റർ വാക്സീന്റെ 99,790 ഡോസുകൾ ഇതുവരെ നൽകിയിട്ടുണ്ട്. ബൂസ്റ്റർ ഡോസ് സ്വീകരണത്തിൽ പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ വെളിപ്പെടുത്തി.

വാക്സിനേഷൻ കാമ്പെയ്‌ൻ ആരംഭിച്ചതിന് ശേഷം നൽകിയ വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 4,971,477 ആണ്.

പുതിയ വകഭേദമായ ഒമൈക്രോണ് ജാഗ്രതയിലാണ് രാജ്യം. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാനയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഖത്തറിൽ ഇത് വരെയും ഒമൈക്രോണ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Exit mobile version