ദോഹ: ഖത്തറിൽ മുൻതാസ മേഖലയിലെ ഒരു വാണിജ്യ കമ്പനി ഒരു മാസത്തേക്ക് അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. എലൈറ്റ് എഫ് ആൻഡ് ബി ട്രേഡിംഗ് എന്ന കമ്പനി, കാലഹരണപ്പെട്ട ഉൽപ്പന്നങ്ങളുടെ തീയതികൾ ബോധപൂർവം മറച്ചുവെക്കുകയും ഉൽപ്പന്നങ്ങളിൽ പുതിയ തീയതികൾ വ്യാജമായി അച്ചടിച്ചു ചേർത്ത് വിൽക്കുകയും ചെയ്തതിലാണ് നടപടി.
അതേസമയം, രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിച്ച 24 കമ്പനികൾക്കെതിരെ തൊഴിൽ മന്ത്രാലയം കേസ് രേഖപ്പെടുത്തി.
ലുസൈൽ, അൽ ഖറൈത്തിയാത്ത്, അൽ ഷഹാനിയ മേഖലകളിലെ വർക്ക് സൈറ്റുകളിലും തൊഴിലാളി താമസ കേന്ദ്രങ്ങളിലും മന്ത്രാലയം നടത്തിയ വ്യാപക റെയ്ഡിലാണ് മാസ്‌ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ളവയിൽ വീഴ്ച്ച വരുത്തിയ കമ്പനികൾക്ക് എതിരെ ശിക്ഷാ നടപടി സ്വീകരിച്ചത്.