ബൂസ്റ്റർ ഡോസിന്റെയും കൊവിഡ് വന്നു മാറിയതിന്റെയും കാലാവധി 12 മാസമാക്കി ഉയർത്തി

ദോഹ: കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ച ശേഷമോ, രോഗം വന്ന് മാറിയതിന് ശേഷമോ ഉള്ള പ്രതിരോധശേഷിയുടെ കാലാവധി 12 മാസമായി നീട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ 9 മാസമായിരുന്ന ബൂസ്റ്റർ വാലിഡിറ്റിയാണ് 12 മാസമായി ഉയർത്തിയത്.

അതേസമയം, വാക്‌സിനേഷൻ നില പരിഗണിക്കാതെ, കോവിഡിൽ നിന്ന് സുഖം പ്രാപിച്ച എല്ലാ വ്യക്തികൾക്കും പ്രതിരോധ ശേഷിയുടെ വാലിഡിറ്റി 12 മാസമായി ഉയർത്തിയിട്ടുണ്ട്. 

ഇത് പ്രകാരം, കഴിഞ്ഞ 12 മാസത്തിനുള്ളിൽ രോഗം വന്നു ഭേദമായ മുഴുവൻ പേർക്കും നിലവിലെ ട്രാവൽ നയത്തിൽ ഉൾപ്പെടെ വാക്സിനേഷന്റെ ആനുകൂല്യങ്ങൾ ലഭിക്കും.

ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്കും സുഖം പ്രാപിച്ച രോഗികൾക്കും പ്രതിരോധശേഷി 12 മാസം വരെ നീണ്ടുനിൽക്കുമെന്ന് സൂചിപ്പിക്കുന്ന ഏറ്റവും പുതിയ ക്ലിനിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

6 മാസം മുമ്പ് രണ്ടാമത്തെ വാക്സിൻ ഡോസ് എടുത്ത 12 വയസും അതിൽ കൂടുതലുമുള്ള ആർക്കും ബൂസ്റ്റർ ഡോസിന് അർഹതയുണ്ട്. ഇവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ആവർത്തിച്ചു.

Exit mobile version