കാൽനട യാത്രക്കാരെ നിരീക്ഷിക്കും, വേണമെങ്കിൽ സഹായിക്കും; പുതിയ ടെക്‌നോളജിയുമായി ഖത്തറിലെ ഇന്റർസെക്ഷനുകൾ

ദോഹ: റോഡ് യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ചില ഇന്റർസെക്ഷനുകളിൽ ഓട്ടോമാറ്റിക് പെഡസ്‌ട്രിയൻ ക്രോസിംഗ് സെൻസർ സാങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങി.

ദോഹയിലെ ചില പ്രധാന കവലകളിൽ നിലവിലുള്ള ആളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കാൽനടയാത്രക്കാരുടെ ഗതാഗതം നിരീക്ഷിക്കാൻ അഷ്ഗലിന്റെ റോഡ്‌സ് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണിത്.

ദോഹ സിറ്റി സെന്റർ, നാസർ ബിൻ ഖാലിദ് ഇന്റർസെക്‌ഷൻ, അൽ ജസ്‌റ ഇന്റർസെക്‌ഷൻ, വാദി അൽ സെയിൽ ഇന്റർസെക്‌ഷൻ, ഫയർ സ്റ്റേഷൻ ഇന്റർസെക്‌ഷൻ, അൽ ഖലീജ് ഇന്റർസെക്‌ഷൻ, അൽ ദിവാൻ ഇന്റർസെക്‌ഷൻ എന്നിവയുൾപ്പെടെയുള്ള ചില സുപ്രധാന ഇന്റർസെക്‌ഷനുകളിലാണ് ഈ പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുന്നത്.  താമസിയാതെ, ഖത്തറിലെ മറ്റ് മേഖലകളിലും സെൻസറുകൾ സ്ഥാപിക്കും.

കാൽനടയാത്രക്കാരെ സ്വയമേ കണ്ടെത്താനും, കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും ക്രോസിംഗിന് മുൻഗണന നൽകുന്നതിന് ഗ്രീൻ സിഗ്നൽ തിരിച്ചുവിളിക്കാനും സംവിധാനത്തിന് കഴിയും. ഏരിയയുടെ ഇൻഫ്രാറെഡ് പ്രകാശത്തോടുകൂടിയ 3D സ്റ്റീരിയോസ്കോപ്പിക് വിഷൻ ഉപയോഗിച്ചാണ് സെൻസർ ഇത് സാധ്യമാക്കുക. 

മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഈ സാങ്കേതികവിദ്യ 4×2 മീറ്റർ പരിധിയിൽ ക്രോസിംഗുകളിലെ വെയിറ്റിംഗ് ഏരിയ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ കാൽനടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും ക്രോസിംഗിന് മുൻഗണന നൽകുകയും ചെയ്യുന്നു.

റോഡ് മുറിച്ചുകടക്കാൻ കാത്തിരിക്കുന്ന കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും കണ്ടെത്താനും നിരീക്ഷിക്കാനും പുതിയ സംവിധാനം സഹായിക്കും. കവലയിലെ കാത്തിരിപ്പ് എരിയക്ക് സമീപം കാൽനടയാത്രക്കാർ വന്നാൽ മാത്രമേ സംവിധാനം പ്രവർത്തിച്ചു തുടങ്ങൂ.

Exit mobile version