കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിനും കൈക്കൂലിക്കും അറസ്റ്റിലായ ഖത്തർ മുൻ ധനമന്ത്രിയും ഖത്തർ നാഷണൽ ബാങ്ക് മുൻ ചെയർമാനുമായിരുന്ന അലി ഷെരീഫ് അൽ-ഇമാദിക്ക് 20 വർഷത്തെ പ്രാഥമിക തടവ് ശിക്ഷ ലഭിച്ചതായി, കോടതി രേഖകൾ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 5.6 ബില്യൺ ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കലാണ് ഇയാൾക്കെതിരെ ചുമത്തപ്പെട്ട കുറ്റം.
ഇപ്പോൾ 55 വയസ്സുള്ള അൽ-ഇമാദി, 2021 മെയ് മാസത്തിലാണ് അറസ്റ്റിലായത്. അറസ്റ്റിലാകുമ്പോൾ ഇയാൾ ഖത്തർ ധനമന്ത്രിയും മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസ് എക്‌സിക്യൂട്ടീവുകളിൽ ഒരാളുമായിരുന്നു.
അന്നത്തെ റിപ്പോർട്ടുകൾ പ്രകാരം അന്വേഷണം ധനമന്ത്രി എന്ന നിലയിലുള്ള ഇയാളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. 2013 മുതൽ അറസ്റ്റിലാകുന്നതുവരെ മന്ത്രിയായിരുന്ന അദ്ദേഹം അതേ സമയം ക്യൂഎൻബി ഗ്രൂപ്പിന്റെ ചെയർമാനും മറ്റു വിവിധ സ്ഥാപനങ്ങളുടെ ഡയറക്റ്റർ ബോഡ് അംഗവും കൂടിയായിരുന്നു.
ഒരു ക്രിമിനൽ കോടതി ഇപ്പോൾ ശിക്ഷ വിധിക്കുകയും അൽ-ഇമാദിക്ക് മൊത്തം QAR61 ബില്യൺ റിയാൽ (USD16.8 ബില്യൺ) പിഴ ചുമത്തുകയും ചെയ്തതായി റോയിട്ടേഴ്‌സ് പറഞ്ഞു. ഇയാൾ വെളുപ്പിച്ചതായി ആരോപിക്കപ്പെടുന്ന തുകയുടെ മൂന്നിരട്ടിയാണ് പിഴ. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് പുറമേ പൊതു ഫണ്ട് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷിക്കപ്പെട്ടത്. എന്നാൽ രേഖ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.
അതേസമയം തന്നെ, ഖത്തറിലെ ഭരണകുടുംബാംഗമായ നവാഫ് ബിൻ ജാസിം ബിൻ ജബോർ അൽതാനിയെ പൊതുഫണ്ട് ദുരുപയോഗം ചെയ്തതിന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാളെ ആറ് വർഷത്തെ തടവിന് ശിക്ഷിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥാപനത്തെ സ്തംഭിപ്പിച്ച കേസിൽ മറ്റ് 14 വ്യക്തികൾക്കും ശിക്ഷ ലഭിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD