ഖത്തറിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ്: ‘ചരിത്ര’തിയ്യതി പ്രഖ്യാപിച്ച് അമീർ

ദോഹ: ചരിത്രത്തിലാദ്യമായി ഖത്തർ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഖത്തറിന്റെ ലെജിസ്ലേറ്റിവ് സഭയായ ഷൂറ കൗണ്സിലിന്റെ മൂന്നിൽ രണ്ട് ഭാഗം വരുന്ന അംഗങ്ങളെയാണ് തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുക. ഇതിനോടകം ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കൊടുവിൽ, വോട്ടെടുപ്പ് ദിനം പ്രഖ്യാപിച്ചിരിക്കുകയാണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി ഇന്ന് പുറത്തിറക്കിയ ഡിക്രീയിലൂടെ. ഒക്ടോബർ 2 ആണ് ഖത്തറിന്റെ ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പ്. 

45 അംഗ ഷൂറ കൗണ്സിലിൽ 30 പേരെയും ഖത്തറി പൗരന്മാരായ ജനങ്ങൾക്ക് തിരഞ്ഞെടുക്കാം. ബാക്കി 15 പേർ അമീറിന്റെ തീരുമാനം ആയി തന്നെ തുടരും. നിയമ നിർമ്മാണ അധികാരങ്ങൾക്ക് പുറമെ, സുരക്ഷ, പ്രതിരോധം, സാമ്പത്തികം, നിക്ഷേപം ഒഴികെയുള്ള മറ്റു ഭരണകാര്യ വകുപ്പുകളിലും കൗണ്സിലിന് നേരിട്ടുള്ള അധികാരമുണ്ടാകും. രാജ്യത്തിന്റെ പോളിസി നിർമാണവും ഷൂറ കൗണ്സിലിന്റെ പരിധിയിലാണ്.

ഒക്ടോബർ രണ്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നല്ല രീതിയിൽ പങ്കുകൊള്ളാൻ ഖത്തർ പൗരന്മാരോട് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് അൽ ഥാനി ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്ത് ഒഴികെ ഏതെങ്കിലും രീതിയിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് മറ്റൊരു ഗൾഫ് രാജ്യത്തുമില്ല. ആ പതിവ് തിരുത്തിക്കുറിക്കാൻ ഒരുങ്ങുകയാണ് ഖത്തർ.

Exit mobile version