അമീർ കപ്പ് ഫൈനൽ: ടിക്കറ്റ് വിൽപ്പന തുടരുന്നു. മത്സരം ലോകകപ്പ്‌ വേദിയിൽ; ഫാൻ ഐഡി നിർബന്ധം.

ദോഹ: ഒക്ടോബർ 22 ന് നടക്കുന്ന ഈ വർഷത്തെ അമീർ കപ്പ് ഫൈനലിനായുള്ള ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു. ഖത്തർ റിയാൽ 20, 50, 100 നിരക്കിലുള്ള ടിക്കറ്റുകൾ tickets.qfa.qa എന്ന സൈറ്റിൽ ലഭ്യമാണ്. 

ക്ലബുകൾ അൽ റയ്യാനും അൽ സദ്ദും ഏറ്റുമുട്ടുന്ന മത്സരം ഖത്തർ സമയം വൈകിട്ട് 7 ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് നടക്കുക. ലോകകപ്പിനായി ഖത്തറിലൊരുങ്ങുന്ന പ്രധാനസ്റ്റേഡിയമായ അൽ തുമാമയിലെ ഉദ്ഘാടന മത്സരം കൂടിയാകും ഇത്.

ടിക്കറ്റ് വാങ്ങിയ ശേഷം കാഴ്ചക്കാർ ഫാൻ ഐഡിക്കായി നിർബന്ധമായും അപേക്ഷിക്കണം. ഇതിനായി പാസ്‌പോർട്ട് സൈസിലുള്ള ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഒക്ടോബർ 12 മുതൽ ഖത്തർ നാഷണൽ കണ്വെന്ഷൻ സെന്ററിൽ നിന്ന് രാവിലെ 7 മുതൽ രാത്രി 11 വരെ ഫാൻ ഐഡികൾ വാങ്ങാം.

ഫാൻ ഐഡികൾ വാങ്ങാനായി, കാണികൾ പാസ്പോർട്ടോ ഖത്തർ ഐഡിയോ സമർപ്പിക്കണം. കൂടാതെ, അപേക്ഷിച്ചപ്പോൾ ലഭിച്ച കൺഫർമേഷൻ ഇമെയിലോ എസ്എംഎസ്സോ ഹാജരാക്കുകയും ചെയ്യണം. ഒപ്പം, അപേക്ഷകൻ വാക്സിനേറ്റഡ് ആണെന്ന് തെളിയിക്കാൻ ഇഹ്തിറാസ് സ്റ്റാറ്റസും കാണിക്കണം. 

ഫാൻ ഐഡിയുള്ളവരെ മാത്രമേ ഫൈനൽ മത്സരം കാണാൻ സ്റ്റേഡിയത്തിൽ അനുവദിക്കൂ. അന്നേ ദിവസം ഇവർക്ക് ദോഹ മെട്രോയിൽ യാത്രയും സൗജന്യമായിരിക്കും. 

അമീർ കപ്പ് ഫാൻ ഐഡിയുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക്, https://ac21.qa എന്ന വെബ്സൈറ്റ്, അല്ലെങ്കിൽ +974 8008052 എന്ന നമ്പർ വഴിയോ സമീപിക്കാം. കൂടാതെ support@ac21.qa– ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.

നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച്, പ്രായമായവർ, ഗുരുതര രോഗമുള്ളവർ, 3 വയസ്സിന് താഴെയുള്ള കുട്ടികൾ മുതലായവർ വാക്സിനേറ്റഡ് ആണെങ്കിൽ പോലും സ്റ്റേഡിയത്തിൽ പങ്കെടുക്കരുത് എന്നാണ് നിർദ്ദേശം.

Exit mobile version