യൂറോപ്പിന്റെ രാജാക്കന്മാരായ റയൽ മാഡ്രിഡ് ഖത്തറിൽ കളിക്കാനെത്തുന്നു, ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പിന്റെ പൂർണവിവരങ്ങൾ

രാജ്യം ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഈ ഡിസംബറിൽ ഖത്തറിൽ വീണ്ടും ഒത്തുചേരും. നാല് കോൺഫെഡറേഷനുകളിൽ നിന്നുള്ള ചാമ്പ്യന്മാരാണ് ഈ കിരീടത്തിനായി ഏറ്റുമുട്ടുക.

പങ്കെടുക്കുന്ന ടീമുകൾ, മത്സര തീയതികൾ, വേദികൾ, ടിക്കറ്റ് എന്നിവ ഉൾപ്പെടെ ടൂർണമെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതാ:

ടൂർണമെൻ്റ് അവലോകനം

നാല് വർഷത്തിലൊരിക്കൽ എന്ന രീതിയിലേക്ക് മാറിയ ക്ലബ് ലോകകപ്പിന് പകരം ഫിഫ സംഘടിപ്പിക്കുന്ന വാർഷിക ക്ലബ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ അരങ്ങേറ്റമാണ് ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് 2024. ഈ ഇവൻ്റ് ആറ് കോണ്ടിനെൻ്റൽ കോൺഫെഡറേഷനുകളിൽ നിന്നുള്ള ചാമ്പ്യന്മാരെ ഒരുമിച്ച് കൊണ്ടുവരുന്നു (റിയൽ മാഡ്രിഡ്, പഷൂക്ക, അൽ അഹ്‌ലി, അൽ ഐൻ, ഓക്ക്‌ലാൻഡ് സിറ്റി, കോൺമെബോൾ കോപ്പ ലിബർട്ടഡോർസ് ജേതാവ് – ഇനിയും തീരുമാനിച്ചിട്ടില്ല)

യോഗ്യതയുടെ ആദ്യ രണ്ട് ഘട്ടങ്ങളിൽ, 2024 സെപ്‌റ്റംബർ 22-ന് ഓക്‌ലൻഡ് സിറ്റിയെ അൽ ഐൻ 6-2 ന് പരാജയപ്പെടുത്തി. അതിനു ശേഷം 2024 ഒക്‌ടോബർ 29ന് കെയ്‌റോയിൽ നടന്ന മത്സരത്തിൽ അൽ അഹ്‌ലിയോട് അവർ 3 – 0 എന്ന സ്കോറിന് തോൽക്കുകയും ചെയ്‌തു. റയൽ മാഡ്രിഡ്, പാഷൂക്ക, അൽ അഹ്‌ലി, കോപ്പ ലിബർട്ടഡോർസ് ജേതാക്കളാകുന്ന ടീം എന്നിവർ ഖത്തറിൽ നടക്കുന്ന ഫൈനലിൽ മത്സരിക്കും.

ഖത്തറിൽ നടക്കുന്ന ഫൈനൽ ഘട്ടത്തിലേക്ക് എത്തിയ ടീമുകൾ:

റയൽ മാഡ്രിഡ് CF: നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബാണ്. ചരിത്രത്തിലെ ഏറ്റവും കൂടുതൽ കോണ്ടിനെൻ്റൽ കിരീടങ്ങളുടെ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള അവരാണ് ടൂർണമെന്റ് വിജയിക്കാൻ ഏറ്റവും സാധ്യതയുള്ളത്.

അൽ അഹ്‌ലി എഫ്‌സി (ഈജിപ്‌ത്‌): ആഫ്രിക്കൻ ഫുട്‌ബോളിലെ പ്രബലമായ ശക്തിയായ അൽ അഹ്‌ലി 12 സിഎഎഫ് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള ക്ലബാണ്.

എഫ്‌സി പഷൂക്ക (മെക്‌സിക്കോ): CONCACAF-നെ പ്രതിനിധീകരിക്കുന്ന, വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായ പാഷൂക്കക്ക് നിരവധി വിജയങ്ങൾ നേടിയതിന്റെ സമ്പന്നമായ ചരിത്രമുണ്ട്.

CONMEBOL കോപ്പ ലിബർട്ടഡോർസ് ജേതാവ്: 2024 നവംബർ 30-ന് അർജൻ്റീനയിലെ ബ്യൂണസ് ഐറിസിൽ അത്‌ലറ്റിക്കോ മിനേറോയും ബോട്ടാഫോഗോയും തമ്മിലുള്ള ബ്രസീലിയൻ ഡെർബി ഫൈനലിൽ വിജയികളെ തീരുമാനിക്കും.

മത്സര ഷെഡ്യൂളും സ്ഥലങ്ങളും

ആദ്യ റൗണ്ട്:

തീയതി: ഡിസംബർ 11, 2024
ടീമുകൾ: പാഷൂക്ക (CONCACAF) vs കോപ്പ ലിബർട്ടഡോർസ് വിജയി (CONMEBOL)
സ്ഥലം: സ്റ്റേഡിയം 974

പ്ലേ ഓഫ് (ചലഞ്ചർ കപ്പ്):

തീയതി: ഡിസംബർ 14, 2024
ടീമുകൾ: അൽ അഹ്ലി vs ആദ്യ റൗണ്ടിലെ വിജയി
സ്ഥലം: സ്റ്റേഡിയം 974

ഫൈനൽ:

തീയതി: ഡിസംബർ 18, 2024
ടീമുകൾ: യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാവ് റയൽ മാഡ്രിഡ് vs പ്ലേ ഓഫ് വിജയി
സ്ഥലം: ലുസൈൽ സ്റ്റേഡിയം

ടിക്കറ്റ് വിവരങ്ങൾ

ആദ്യ രണ്ട് മത്സരങ്ങൾക്ക് QR 40-ലും ഫൈനലിന് QR 200-ലും ടിക്കറ്റ് നിരക്ക് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മൂന്ന് ഗെയിമുകളിലുമായി ഏകദേശം 170,000 ടിക്കറ്റുകൾ വിൽപ്പനയ്‌ക്ക് ലഭ്യമാണ്. ഒരാൾക്ക് ആറ് ടിക്കറ്റ് വരെ ലഭിക്കും.

അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ 2024 നവംബർ 21 മുതൽ വിൽപ്പനയ്‌ക്കെത്തും. വിസ കാർഡ് ഉടമകൾക്ക് 2024 നവംബർ 14 മുതൽ പ്രീ-സെയിൽ കാലയളവിൽ തന്നെ ടിക്കറ്റ് സ്വന്തമാക്കാം. ടിക്കറ്റുകൾ https://www.fifa.com/en/tickets-ൽ മാത്രമേ ലഭ്യമാകൂ.

Exit mobile version