അൽ ഖോർ ഫാമിലി പാർക്കിലേക്ക് പുതിയ അതിഥികൾ, ഗയാനയിൽ നിന്നും രണ്ടു ജാഗ്വാറുകൾ എത്തി

റിപ്പബ്ലിക് ഓഫ് ഗയാനയുടെ സമ്മാനമായി രണ്ട് ജാഗ്വറുകൾ ഖത്തറിൽ എത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഈ ജാഗ്വറുകൾ അൽ ഖോർ ഫാമിലി പാർക്കിൽ താമസിക്കും. ഒരാണും ഒരു പെണ്ണുമാണ് എത്തിയിരിക്കുന്നത്.

ഔൺ ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്ത് പൗരന്മാർക്കും താമസക്കാർക്കും ജാഗ്വറുകൾ കാണുന്നതിനായി പാർക്ക് സന്ദർശിക്കാമെന്ന് മന്ത്രാലയത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

വന്യജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ സമ്മാനം. അപൂർവ ജീവികളെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്താനും ഇത് ലക്ഷ്യമിടുന്നു.

ആമസോൺ കാടുകളുടെ ഭാഗമായ മനോഹരമായ പ്രകൃതിക്കും വലിയ മഴക്കാടുകൾക്കും പേരുകേട്ടതാണ് ഗയാന. പല തരത്തിലുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഈ രാജ്യം, ആ പ്രദേശത്തെ വന്യജീവികളുടെ പ്രതീകമാണ് ജാഗ്വാർ.

Exit mobile version