സൂപ്പർ കപ്പിൽ റെക്കോഡിട്ട് ലുസൈൽ സ്റ്റേഡിയം; വിജയിയായി അൽ ഹിലാൽ

ലോകകപ്പിനായൊരുക്കിയ ലുസൈൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന ലുസൈൽ സൂപ്പർ കപ്പ് മത്സരത്തിൽ സൗദി അറേബ്യയുടെ അൽ ഹിലാൽ ഈജിപ്തിന്റെ സമലേക്കിനെ പെനാൽറ്റിയിൽ 4-1ന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.

പെനാൽറ്റിയിൽ 1-1 സമനിലയ്ക്ക് ശേഷം, സമലേക്കിന്റെ അഹമ്മദ് സെയ്ദ് സിസോ, മഹ്മൂദ് എൽ വെൻഷ് എന്നിവരുടെ ഷോട്ടുകൾ തടുത്ത ഗോൾ-കീപ്പർ അബ്ദുല്ല അൽ മുയൂഫാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ജേതാക്കൾ കൂടിയായ അൽ ഹിലാലിന്റെ ഹീറോ. നാല് അൽ ഹിലാൽ കളിക്കാരും അവരുടെ ഷോട്ടുകൾ ഗോളുമാക്കി.

80,000 പേർക്ക് ഇരിക്കാവുന്ന വേദിയിൽ 77,575 കാണികൾ മത്സരത്തിനെത്തിയതോടെ ഖത്തറിലെ ഫുട്ബോൾ മത്സരത്തിലെ ഏറ്റവും വലിയ മത്സരമെന്ന റെക്കോർഡ് ലുസൈൽ സൂപ്പർ കപ്പ് സൃഷ്ടിച്ചു. ഖത്തറും യുഎഇയും തമ്മിലുള്ള ഫിഫ അറബ് കപ്പ് മത്സരത്തിന്റെ റെക്കോർഡ് ആണ് സൂപ്പർ കപ്പ് തകർത്തത്. അൽ ബൈത്ത് സ്റ്റേഡിയത്തിൽ 63,439 കാണികൾ പങ്കെടുത്ത മത്സരമായിരുന്നു അത്.

Exit mobile version