അഫ്ഗാനിസ്താനിൽ നിന്നുള്ള റോബോട്ടിക്‌സ് കോമ്പറ്റീഷൻ ടീം അംഗങ്ങളായ പെൺകുട്ടികൾ അഭയാർത്ഥികളായി ഖത്തറിലെത്തി. താലിബാന്റെ കീഴടക്കലിന് ശേഷം അഫ്‌ഗാനിൽ നിന്ന് കുടിയേറുന്ന നിരവധിയായ അഭയാർത്ഥികളുടെ കൂട്ടത്തിലാണ് രാജ്യത്ത് റോബോട്ടിക്സ് സാങ്കേതികവിദ്യ കൊണ്ട് ലോകതലത്തിൽ തന്നെ ശ്രദ്ധേയരായ, പെണ്കുട്ടികൾ മാത്രം അംഗങ്ങളായ ഈ സംഘവും എത്തിയത്. വിദ്യാർത്ഥിനികളായ ഇവർ തുടർപഠനത്തിനും മറ്റുമായി ഖത്തറിൽ തുടരും.
ഓഗസ്റ്റ് 17 ന് കാബൂളിൽ നിന്നുള്ള വിമാനത്തിൽ പാലായനം ചെയ്ത ഇവർ ഖത്തറിലെത്തിയതായി ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഇവർ തുടർന്നുള്ള കാലം ഖത്തറിൽ താമസിക്കുമെന്ന് ടീം സ്ഥാപകയും അഫ്‌ഗാൻ ടെക്ക് സംരംഭകയുമായ റോയ മെഹ്ബൂബിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
അഫ്‌ഗാനിൽ നിന്നുള്ള ആറംഗ സംഘമായ ഇവർക്ക്, 2017 ൽ റോബോട്ടിക് മത്സരങ്ങളിൽ പങ്കെടുക്കാൻ അമേരിക്കയിലേക്കുള്ള വിസ-അപേക്ഷ നിഷേധിക്കപ്പെട്ടിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കി. തുടർന്ന് അമേരിക്കൻ കോണ്ഗ്രസിന് മുൻപാകെയുള്ള പരാതിയിന്മേൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംബിന്റെ ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തിയാണ് വിസ അനുവദിച്ചത്. വിസ കാലാവധി തീരും വരെ, യൂറോപ്പിലും നോർത്ത് അമേരിക്കയിലും നടന്ന നിരവധി റോബോട്ടിക്‌സ് മത്സരങ്ങൾക്കായി ഇവർ അഫ്‌ഗാനിൽ നിന്ന് നിരന്തരം യാത്ര ചെയ്തിരുന്നതായും റിപ്പോർട്ട് പറയുന്നു. പ്രസ്തുത മത്സരങ്ങളിൽ പല തവണ സമ്മാനർഹരായ ഇവർക്ക് സോഷ്യൽ മീഡിയയിലും നിറയെ ആരാധകരുണ്ട്.