പൊള്ളുന്ന പകലിൽ പണിയെടുപ്പിച്ചു. 44 കമ്പനികൾക്ക് കൂടി ഖത്തർ തൊഴിൽ വകുപ്പിന്റെ പിടി വീണു.

ദോഹ: 44 കമ്പനികൾ കൂടി വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിലെ തൊഴിൽ നിരോധന നിയമം ലംഘിച്ച് തൊഴിലാളികൾക്ക്ക് വിശ്രമം അനുവദിക്കാതെ പണി ചെയ്യിച്ചതായി ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം കണ്ടെത്തി. ജൂൺ 4 മുതൽ ജൂൺ 9 വരെയുള്ള കാലയളവിൽ നിയമലംഘനം നിരീക്ഷിക്കപ്പെട്ട ഈ 44 കമ്പനികൾക്കെതിരെയും മന്ത്രാലയം നടപടി സ്വീകരിച്ചു.

മദീനത്ത് ഖലീഫ, അൽ വക്ര, അൽ വുക്കൈർ, അൽ സൈലിയ, അൽ ഖരൈയ്യത്ത്, അൽ റയ്യാൻ അൽ ജദീദ്, ഐൻ ഖാലിദ്, ഉമ്മ് സലാൽ മുഹമ്മദ്, ലുസൈൽ, അൽ ഡഫ്‌ന, മുറൈഖ്, അൽ മഷാഫ് എന്നീ പ്രദേശങ്ങളിലായി കരാർ, കെട്ടിട അറ്റകുറ്റപ്പണി, പൂന്തോട്ട, അലങ്കാര മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് പിടി വീണത്.

ജൂണ് 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം ലംഘിച്ചതിന്റെ പേരിൽ ആദ്യം നടപടി നേരിട്ട 54 കമ്പനികൾ ഉൾപ്പെടെ ഇതോടെ ആകെ നടപടി നേരിടുന്ന കമ്പനികളുടെ എണ്ണം 98 ആയി.

വേനൽക്കാലത്ത് ഓപ്പൺ വർക്ക് സൈറ്റുകളിൽ തൊഴിലാളികളെ കനത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനും മുന്കരുതലുകൾ നൽകുന്നതിനും വേണ്ടി 2021 ലെ മന്ത്രാലയ തീരുമാനം നമ്പർ 17 എല്ലാ കമ്പനികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ്  തീവ്രപരിശോധനാ കാമ്പെയ്‌നുകൾ തുടരുകയാണ്.

എല്ലാ വർഷവും ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ, സൂര്യനു കീഴിൽ തുറന്ന ജോലിസ്ഥലങ്ങളിൽ (വായുസഞ്ചാരമുള്ള തണൽമേഖലകൾ ഒഴികെ) പുറംതൊഴിൽ സമയം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ നിരോധിക്കുന്നതാണ് പ്രസ്തുത തീരുമാനം.

നിയമലംഘനത്തിന് വിധേയമാകുകകയോ ശ്രദ്ധയിൽ പെടുകയോ ചെയ്താൽ, മന്ത്രാലയത്തിന്റെ 16008 ഹോട്ട്‌ലൈൻ നമ്പർ വഴിയോ അല്ലെങ്കിൽ https://acmsidentity.adlsa.gov.qa/ar എന്ന വിലാസത്തിൽ ഏകീകൃത ഓണ്ലൈൻ പരാതി പ്ലാറ്റ്ഫോം ലോഗിൻ ചെയ്തോ പരാതി സമർപ്പിക്കാവുന്നതാണ്.

(Pic courtesy: The Peninsula)

Exit mobile version