9 മാസം കഴിഞ്ഞും ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് 5 ദിവസം ഹോട്ടൽ ക്വാറന്റീൻ

ദോഹ: ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ളാദേശ്, ഈജിപ്ത്, ജോര്‍ജിയ, ജോര്‍ദാന്‍, ഫിലിപ്പീന്‍സ് എന്നീ 9 “റെഡ് ഹെല്‍ത്ത് മെഷേര്‍സ്” രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന താമസ വീസക്കാർ വാക്സീൻ രണ്ടാം ഡോസ് എടുത്ത് 9 മാസം പിന്നിട്ടവർ ആണെങ്കിൽ ക്വാറന്റീൻ ഇളവുകൾ ലഭിക്കാൻ ബൂസ്റ്റർ ഡോസ് എടുത്ത് 14 ദിവസം പിന്നിടേണ്ടത് നിർബന്ധമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവർത്തിച്ചു. 

ഇവർ ബൂസ്റ്റർ എടുക്കാത്ത പക്ഷം 5 ദിവസം ഹോട്ടൽ ക്വാറന്റീന് വിധേയമാകണം. അഞ്ചാം ദിവസം ആന്റിജൻ ടെസ്റ്റ് ചെയ്താൽ മതി. കൂടാതെ യാത്രക്ക് 48 മണിക്കൂറിനുള്ളിലെ ആർട്ടിപിസിആർ നെഗറ്റീവ് ഫലവും നിർബന്ധമാണ്.

ഈ രാജ്യങ്ങളിൽ നിന്ന് 9 മാസം കഴിഞ്ഞു ബൂസ്റ്റർ എടുക്കാത്ത വിസിറ്റ് വിസക്കാർക്ക് പ്രവേശനമേ അനുവദിക്കില്ല.

അതേസമയം, സ്റ്റാൻഡേർഡ് ഹെൽത്ത് മെഷർ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 9 മാസം പിന്നിട്ടവർ ആണെങ്കിൽ 5 ദിവസം ഹോം ക്വാറന്റീൻ ആണ് വേണ്ടത്. 

അവസാന 9 മാസത്തിൽ കൊവിഡ് വന്ന് മാറിയ മെഡിക്കൽ രേഖകൾ ഉള്ളവരെ വാക്സിനേറ്റഡ് ആയി കണക്കാക്കി ഇളവുകൾ ലഭിക്കുന്നത് തുടരും.

ഫെബ്രുവരി 28 മുതൽ നിലവിൽ വന്ന പുതിയ ട്രാവൽ നയം തന്നെയാണിത്. ട്രാവൽ നയത്തിൽ യാതൊരു മാറ്റവുമില്ല.

Exit mobile version