രാജ്യത്ത് കോവിഡ് ബാധിച്ച് 3 ആഴ്ച്ച പ്രായമുള്ള കുട്ടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഖത്തറിൽ കോവിഡ് ബാധിച്ച് മരണപ്പെടുന്ന രണ്ടാമത്തെ കുട്ടി മാത്രമാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി. കുഞ്ഞിന് മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.
മുതിർന്നവരേക്കാൾ കോവിഡ് ബാധയിൽ കുട്ടികൾക്ക് അപകടസാധ്യത കുറവാണെന്ന് സ്ഥിരീകരിക്കുമ്പോഴും പുതിയ തരംഗത്തിൽ ഖത്തറിൽ കുട്ടികളിൽ അണുബാധ നിരക്ക് ഉയരുന്നതായും, ലോകമാകെ മരണങ്ങളും കൂടുന്നതായും എംഒപിഎച്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പ്രായഭേദമെന്യേ എല്ലാ പ്രായക്കാർക്കും കോവിഡ് ഭീഷണിയുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ജാഗ്രതയും മുൻകരുതൽ നടപടികളും (വാക്സീൻ, സെൽഫ് ഐസൊലേഷൻ, മറ്റു പ്രോട്ടോക്കോളുകൾ) കർശനമാക്കാനും നിർദ്ദേശമുണ്ട്.
അതേസമയം, ഇന്ന് ഖത്തറിൽ 4021 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3518 പേർ ഖത്തറിലുള്ളവരും 503 പേർ യാത്രക്കാരുമാണ്. 2586 പേർ രോഗമുക്തി പ്രാപിച്ചപ്പോഴും ആകെ കേസുകൾ 40600 ആയി ഉയർന്നു. ആശുപത്രി രോഗികൾ 628 ആയും ഐസിയു രോഗികൾ 91 ആയും തുടരുന്നു.
മരണപ്പെട്ട കുഞ്ഞ് ഉൾപ്പെടെ 2 മരണം രേഖപ്പെടുത്തി, ആകെ മരണസംഖ്യ 626. മരണപ്പെട്ട കുഞ്ഞിനും കുടുംബത്തിനും ആരോഗ്യമന്ത്രാലയം അനുശോചനവും പ്രാർത്ഥനയും രേഖപ്പെടുത്തി.