ജോലിക്കായി ഖത്തറിലെത്തിയ യുവാവ് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സംഭവത്തിൽ മൂന്നുപേരെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. എടത്തല കൈപ്പിള്ളി വീട്ടിൽ നിയാസ് (33), കോതമംഗലം നെല്ലിക്കുഴി നാലകത്ത് വീട്ടിൽ ആഷിഖ് (25), കോട്ടയം അയ്യർകുളങ്ങര കണ്ണംകുളത്തുവീട്ടിൽ രതീഷ് (26) എന്നിവരാണ് അറസ്റ്റിലായത്.
വരാപ്പുഴ ചിറയ്ക്കകം സ്വദേശി യശ്വന്താണ് മയക്കുമരുന്ന് സംഘത്തിന്റെ വഞ്ചനയിൽ കുടുങ്ങി ഖത്തറിൽ പിടിയിലായത്. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഖത്തറിൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്താണ് സംഘം യശ്വന്തിനെ കൊണ്ടുപോയത്. വിസയും ടിക്കറ്റും ഇവർ സൗജന്യമായി നൽകുകയായിരുന്നു.
ദുബായിൽ വെച്ച് യശ്വന്തിന് ഖത്തറിൽ വച്ചു കൈമാറാനെന്ന് പറഞ്ഞ് മയക്കുമരുന്ന് പൊതി നൽകുകയായിരുന്നു. മയക്കുമരുന്നാണെന്ന വിവരം യശ്വന്ത് തിരിച്ചറിഞ്ഞിരുന്നില്ല. ഖത്തറിലെത്തിയ യശ്വന്തിന്റെ കയ്യിൽ നിന്ന് പരിശോധനയ്ക്കിടെ കസ്റ്റംസ് മയക്കുമരുന്ന് കണ്ടെത്തി ജയിലിൽ അടച്ചു.
യശ്വന്തിന്റെ അമ്മ എറണാകുളം റൂറൽ പോലീസ് മേധാവി വിവേക് കുമാറിന് നൽകിയ പരാതിയിൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സമാനമായ രീതിയിൽ ഷമീർ എന്ന ഉദ്യോഗാർഥിയും ഖത്തറിൽ കുടുങ്ങിയതായി പോലീസ് അറിയിച്ചു.