ഖത്തറിലേക്ക് ഏറ്റവുമധികം സന്ദർശകരെത്തുന്നത് സൗദിയിൽ നിന്ന്, ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഇതുവരെ 3.6 ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്‌ത ഖത്തർ ഈ വർഷം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ പുതിയൊരു റെക്കോർഡിലെത്തിയിരിക്കുകയാണ്. ഖത്തർ ടൂറിസത്തിൻ്റെ കണക്കുകൾ പ്രകാരം, 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ രാജ്യത്ത് 3.599 ദശലക്ഷം വിനോദസഞ്ചാരികളെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 26.1% വർദ്ധനവാണ്.

2023-ൽ ഖത്തറിൽ 4 ദശലക്ഷം സന്ദർശകർ എത്തിയിരുന്നു, ലോകകപ്പ് നടന്ന വർഷമായ 2022-ൽ ഇത് 2.56 ദശലക്ഷമായിരുന്നു. COVID-19 പാൻഡെമിക് കാരണം 2020, 2021 വർഷങ്ങളിലുണ്ടായ ഇടിവിന് ശേഷം സമീപ വർഷങ്ങളിൽ ടൂറിസ്റ്റുകളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

2024 സെപ്റ്റംബറിൽ മാത്രം 315,000 സന്ദർശകർ എത്തി, 2023 സെപ്റ്റംബറിലെ 247,000 ൽ നിന്ന് 27% വർധനവാണിത്. 2024-ൽ മൊത്തം സന്ദർശകരുടെ എണ്ണം ഏകദേശം 4.5 ദശലക്ഷത്തിൽ എത്തുമെന്നും 2025-ഓടെ ഇത് 4.9 ദശലക്ഷമായി ഉയരുമെന്നും വിദഗ്ധർ കണക്കാക്കുന്നു. തണുത്തതും സുഖകരവുമായ കാലാവസ്ഥയുള്ള വർഷത്തിന്റെ അവസാനപാദത്തിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കും.

ഖത്തറുമായി കര അതിർത്തിയുള്ള ഏക രാജ്യമായതിനാൽ സൗദി അറേബ്യയിൽ നിന്നാണ് ഏറ്റവുമധികം സന്ദർശകർ എത്തുന്നത്. 2024-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ, സൗദി അറേബ്യയിൽ നിന്ന് 1 ദശലക്ഷത്തിലധികം സന്ദർശകർ എത്തി, ഈ വർഷം ഖത്തറിലെത്തിയ സന്ദർശകരിൽ 29% സൗദിയിൽ നിന്നാണ്.

ആദ്യ ഒമ്പത് മാസത്തിനുള്ളിൽ 297,000 സന്ദർശകരെ അയച്ച ഇന്ത്യയാണ് രണ്ടാമത്, അതേസമയം 161,000 സന്ദർശകരുമായി ബഹ്‌റൈൻ മൂന്നാമതാണ്. യുകെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കുവൈറ്റ്, ഒമാൻ, ജർമ്മനി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ചൈന എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ അടുത്ത സ്ഥാനങ്ങളിൽ. ഇന്ത്യയിൽ നിന്നുള്ള സന്ദർശകർ ഏകദേശം 8% വരും.

സെപ്തംബറിൽ, ഇന്റർനാഷണൽ ടൂറിസ്റ്റുകളിൽ ഏറ്റവുമധികം പേർ (203,000) വിമാനമാർഗം വന്നപ്പോൾ 110,000 പേർ സൗദി അറേബ്യയുമായുള്ള അബു സമ്ര ലാൻഡ് ബോർഡർ വഴിയാണ് പ്രവേശിച്ചത്. ഏകദേശം 2,000 പേർ കടൽ മാർഗം എത്തി, 2024-25 ക്രൂയിസ് സീസൺ ആരംഭിക്കുമ്പോൾ കൂടുതൽ പേർ കടൽമാർഗം വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഹയ്യ പ്ലാറ്റ്‌ഫോമിലൂടെയുള്ള സുഗമമായ സന്ദർശന വിസ പ്രക്രിയകൾ വിനോദസഞ്ചാരത്തിന് ഊർജ്ജം നൽകുന്നതിൽ പ്രധാനമാണ്. ഖത്തർ 102 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നു, മറ്റുള്ളവർക്ക് ഹയ്യ വഴി ഇ-വിസ ലഭിക്കും.

Exit mobile version