കാലാവധിയിൽ കൃത്വിമം കാണിച്ച് വിൽക്കാൻ ശ്രമിച്ച 250 ടണ് ശീതീകരിച്ച മാംസം മുൻസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പിടികൂടി. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു മീറ്റ് ഫാക്ടറിയിൽ കൃത്വിമം നടന്നതായി വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു റെയ്ഡ്. ഇറച്ചി പാക്കേജിലുള്ള ഒറിജിനൽ എക്സ്പയറി ഡേറ്റ് മാറ്റിയ ശേഷം ഒരു വർഷത്തോളം കൂട്ടി കാലാവധിയിൽ കൃത്വിമം വരുത്തിയ ശേഷം ലോജിസ്റ്റിക്‌സ് വെയർഹൗസിൽ സൂക്ഷിച്ചതായാണ് കണ്ടെത്തിയത്.
ലംഘനത്തെ കുറിച്ച് റിപ്പോർട്ട് നൽകുകയും മാംസം പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തതായി മുനിസിപ്പൽ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ ഓഫീസിലെ സെൻട്രൽ ഇൻസ്പെക്ഷൻ ടീമിന്റെ തലവൻ മുഹമ്മദ് അബ്ദുള്ള അറിയിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും നിയമലംഘനത്തിന് ഉത്തരവാദികളായവരെ അന്വേഷണ അധികാരികൾക്ക് കൈമാറുന്നതിനും ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
വഞ്ചനയിലൂടെയോ കേടായ ഭക്ഷണം വിൽക്കുന്നതിലൂടെയോ മറ്റേതെങ്കിലും ലംഘനങ്ങളിലൂടെയോ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.