പത്താമത് ഖത്തർ ‘ഹലാൽ ഫെസ്റ്റിവൽ’ ഫെബ്രുവരി 21 മുതൽ

പത്താമത് ‘ഹലാൽ-ഖത്തർ ഫെസ്റ്റിവൽ’ കൾച്ചറൽ വില്ലേജായ കത്താറയിൽ ഫെബ്രുവരി 21 മുതൽ 26 വരെ നടക്കും. അറബ് പൈതൃകത്തിന്റെ ഭാഗമായ ആട്-ചെമ്മരിയാട് വളർത്തലുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നതാണ് ഹലാൽ ഫെസ്റ്റിവൽ. “മരുഭൂമിയിലെ ആടുവളർത്തൽ” സംബന്ധിച്ചാണ് ഈ വർഷത്തെ പ്രമേയമെന്നു കത്താറ അറിയിച്ചു.

കത്താറ വില്ലേജിന്റെ തെക്കൻ പ്രദേശത്ത് രാവിലെ 9 മുതൽ രാത്രി 9 വരെയാണ് 6 ദിവസം നീണ്ടുനിൽക്കുന്ന മേള.  

കന്നുകാലി ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനും അനുബന്ധ വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പരിപാടികൾക്ക് പുറമേ, ബ്രീഡർമാർക്ക് കന്നുകാലികളെയും ചെമ്മരിയാടുകളെയും പ്രദർശിപ്പിക്കാനും സ്വന്തമാക്കാനും ഹലാൽ ഖത്തർ ഫെസ്റ്റിവൽ വേദി നൽകുന്നു.

അൽ മസാദ് അഥവാ ആട്, ചെമ്മരിയാട് എന്നിവയുടെ പൊതു ലേലം, അൽ ഇസാബ് – സിറിയൻ, അറബ് ആടുകളുടെ പ്രദർശനം, ഏറ്റവും മനോഹരമായ ആടുകൾക്കായുള്ള ‘അൽ മസെയ്ൻ’ മത്സരം എന്നിവ ഉത്സവത്തിന്റെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. 

ഖത്തരി സംസ്‌കാരത്തിന്റെ ഒരു പ്രധാന വശമെന്ന നിലയിൽ കന്നുകാലി വളർത്തലിലും വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച മുൻ പതിപ്പുകൾ അതിന്റെ തനതായ സവിശേഷതകൾ കൊണ്ട് ധാരാളം സന്ദർശകരെ ആകർഷിച്ചവയാണ്. കൊവിഡ് പാൻഡെമിക് കാരണം കഴിഞ്ഞ വർഷത്തെ ഉത്സവം റദ്ദാക്കിയിരുന്നു.

Exit mobile version