ലോകകപ്പ്, ഏഷ്യാകപ്പ് യോഗ്യത: ഇന്ത്യ-ഖത്തർ ജൂണ് 3ന്. ടിക്കറ്റ് വിൽപന തുടങ്ങി. 

ദോഹ: 2022 ഫിഫ ലോകകപ്പിനും 2023 എഎഫ്സി ഏഷ്യൻ കപ്പിനുമായുള്ള യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന തുടങ്ങിയതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യു.എഫ്.എ) അറിയിച്ചു. അവശേഷിക്കുന്ന യോഗ്യതമത്സരങ്ങളിൽ ഖത്തർ, ഇന്ത്യ, ഒമാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരാണ് മാറ്റുരക്കുന്നത്.

ഇരു ടീമുകളുടെയും ആരാധകർക്ക് കാണികളായെത്താം. സ്റ്റേഡിയത്തിന്റെ ആകെ ശേഷിയുടെ 30% കാണികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. 12 വയസ്സിൽ കുറവുള്ളവർക്ക് ടിക്കറ്റ് ലഭിക്കില്ല, ക്യുഎഫ്‌എ വെബ്‌സൈറ്റിൽ നൽകിയ അറിയിപ്പിൽ വ്യക്തമാക്കി. 

വാക്സിനേഷൻ രണ്ട് ഡോസും സ്വീകരിച്ചവർക്കും കഴിഞ്ഞ 9 മാസത്തിനുള്ളിൽ കോവിഡ് വന്നു മാറിയവർക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വാക്സിനേഷൻ 2020 സെപ്റ്റംബർ 3നും 2021 മെയ് 20നും മുൻപ് രണ്ട് ഡോസും ലഭിച്ചിരിക്കണം. കോവിഡ് രോഗം വന്നു ഭേദമായവർ 2020 സെപ്റ്റംബർ 3നും 2021 മെയ് 20നും ഇടയിൽ രോഗം വന്നു മാറിയവരാകണം.

20 ഖത്തർ റിയാൽ ആണ് ടിക്കറ്റ് നിരക്ക്. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ടിക്കറ്റ് ലഭിക്കില്ലെന്നും ക്യു.എഫ്.എ വ്യക്തമാക്കി. ക്യു.എഫ്.എയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ എത്തി ടിക്കറ്റ് ബുക്ക് ചെയ്യാം.

ഇന്ത്യയുടെ ആദ്യ മത്സരം ജൂണ് 3ന്  ഖത്തറിനെതിരെ ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ്. ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് 1, 2, 3 ചാനലുകളിൽ ഇന്ത്യൻ സമയം രാത്രി 10:30 മുതൽ മത്സരം തത്സമയം കാണാം. ജൂണ് 7നും 15നും ഇന്ത്യ യഥാക്രമം ബംഗ്ലാദേശുമായും അഫ്ഗാനുമായും ഏറ്റുമുട്ടും.

ഇന്ത്യ ഉൾപ്പെടെന്ന ഗ്രൂപ്പ് ഇ യിൽ രാജ്യം ഇപ്പോൾ നാലാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ ഇതിനോടകം അസ്തമിച്ച ടീം ഇന്ത്യക്ക് നില മെച്ചപ്പെടുത്താൻ ആയാൽ 2023ൽ ചൈനയിൽ നടക്കുന്ന ഏഷ്യ കപ്പിലേക്ക് നേരിട്ടുള്ള സാധ്യത തുറക്കും. 

Exit mobile version