നിങ്ങളുടെ ഖത്തർ റെസിഡന്റ് പെർമിറ്റ് പുതുക്കിയില്ലെങ്കിൽ സംഭവിക്കുന്നതെന്ത്?

ഒരു വിദേശിയെ സംബന്ധിച്ച് ഖത്തറിൽ താമസിച്ച് ജോലി ചെയ്യാൻ അനുവദിക്കുന്ന ഔദ്യോഗിക രേഖയാണ് റെസിഡന്റ് പെർമിറ്റ് അഥവാ ആർപി. വ്യക്തിയെ പ്രതിനിധീകരിച്ച് അയാളുടെ കമ്പനി അല്ലെങ്കിൽ സ്പോണ്സർ ആണ് സാധാരണ ആർപിയുമായി ബന്ധപ്പെട്ട നിയമകാര്യങ്ങൾ കൈകാര്യം ചെയ്യാറുള്ളത്. നിശ്ചിത കാലയളവ് പൂർത്തിയായാൽ റെസിഡന്റ് പെർമിറ്റ് പുതുക്കേണ്ടത് അനിവാര്യമാണ്. 1 മുതൽ 3 വർഷത്തേക്ക് വരെ ഈ രീതിയിൽ പുതുക്കാം.

റെസിഡന്റ് പെർമിറ്റ് കാലാവധി തീർന്നാലും 3 മാസം/90 ദിവസത്തേക്കുള്ള സാവകാശം ഖത്തർ നിയമം നൽകുന്നുണ്ട്. ‘ഗ്രേസ് പിരീഡ്’ എന്നറിയപ്പെടുന്ന ഇക്കാലയളവിൽ, 2020 സെപ്റ്റംബറിലെ ഏറ്റവും പുതിയ നിയമഭേദഗതി പ്രകാരം, ജോലിമാറ്റം ഉൾപ്പെടെയുള്ള അവകാശങ്ങൾ പ്രവാസിക്ക് നിലനിൽക്കും.

ഗ്രേസ് പിരീഡിന് ശേഷവും തൊഴിൽ ദാതാവായ കമ്പനിയോ സ്പോണ്സറോ ആർപി പുതുക്കിയില്ലെങ്കിൽ ഒരു പ്രവാസി നേരിടാവുന്ന നിയമപ്രശ്നങ്ങളാണ് താഴെ പറയുന്നത്:

  1. ആർപി ഉടമയായ പ്രവാസിക്ക് തുടർന്നുള്ള ഓരോ ദിവസത്തിനും 10 ഖത്തർ റിയാൽ വീതം പിഴ ചുമത്തപ്പെടും.
  2. ആർപി പുതുക്കാൻ വിസമ്മതിക്കുന്ന കമ്പനിക്കോ വ്യക്തിഗത സ്പോണ്സർക്കോ 10,000 റിയാൽ വരെ പിഴ ചുമത്തപ്പെടാം.
  3. ഖത്തറിലിരുന്നു ജോലി മാറാനുള്ള അവകാശം റദ്ദാക്കപ്പെടും.

അതേസമയം, തൊഴിൽ ദാതാവിന് ഏത് നിമിഷവും ജീവനക്കാരന്റെ പെർമിറ്റ് ക്യാൻസൽ ചെയ്യാനുള്ള അവകാശവും നിലനിൽക്കുന്നുണ്ട്. ഇങ്ങനെ ക്യാൻസൽ ചെയ്യപ്പെടുകയാണെങ്കിൽ, പ്രസ്തുത ആർപി ഉടമയ്ക്ക് 30 ദിവസം മാത്രമാണ് ഖത്തറിൽ തുടരാനാവുക. 

Exit mobile version