ഖത്തറിലെ സിമൈസ്മ ബീച്ചിന് സമീപമുള്ള ജലാശയം ഓറഞ്ച് നിറമായി

സിമൈസ്മ വനിതാ ബീച്ചിന് സമീപമുള്ള ഒരു ജലാശയം ഓറഞ്ച് നിറത്തിലേക്ക് മാറി.  ഓറഞ്ച് നിറത്തിലുള്ള ജലാശയത്തിന്റെ വീഡിയോ ഒരു ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്തു. എന്നാൽ പ്രതിഭാസത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല.

“സിമൈസ്മ വനിതാ ബീച്ചിന് സമീപം രണ്ട് മാർഷ് വാട്ടർഹോളുകളുണ്ട്. അവയിലൊന്ന് അടുത്തിടെ സാധാരണ നിറത്തിൽ നിന്ന് ഓറഞ്ചിലേക്ക് നിറം മാറിയിരിക്കുന്നു!”  പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെ (MoECC) ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.

സാധാരണ ചെളി കാരണമുണ്ടാകുന്ന നിറം മാറ്റത്തിൽ നിന്ന് വ്യത്യസ്തമായാണ് കടുത്ത ഓറഞ്ച് നിറം പ്രത്യക്ഷപ്പെട്ടത്.

വിഷയം രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായി മന്ത്രാലയം ഉപയോക്താവിന് മറുപടി നൽകി.

കഴിഞ്ഞ വർഷം ഖത്തറിന്റെ വടക്ക് ഭാഗത്ത് കണ്ടെത്തിയ പിങ്ക് ജലാശയത്തിന്റെ ചിത്രങ്ങളും വീഡിയോകളും ചില ട്വിറ്റർ ഉപയോക്താക്കൾ പോസ്റ്റ് ചെയ്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടുതൽ പഠനത്തിനും പരിശോധനകൾക്കുമായി പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സ്ട്രീമിൽ നിന്ന് സാമ്പിൾ ശേഖരിച്ചിരുന്നു.

മഴയില്ലാത്തതിനാൽ വെള്ളത്തിന് ഉപ്പുരസമുണ്ടെന്നും ചൂട് കൂടുതലാണെന്നും ചില പരിസ്ഥിതി സ്‌നേഹികൾ അഭിപ്രായപ്പെട്ടു.  അതിനാൽ, ഉപ്പുവെള്ളത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ബാക്ടീരിയകളും ആൽഗകളും ജലാശയത്തിൽ സജീവമാവുകയും ഒരു പിങ്ക് പദാർത്ഥം സ്രവിക്കുകയും വെള്ളം പിങ്ക് നിറമാകാൻ കാരണമാവുകയും ചെയ്തു എന്നായിരുന്നു പ്രാഥമിക നിരീക്ഷണം. എന്നാൽ ഈ വിവരം ശാസ്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Exit mobile version