ലോകത്തിൽ ആദ്യം, ഇൻസ്റ്റന്റ് സിം പുറത്തിറക്കി വൊഡാഫോൺ ഖത്തർ

ആളുകൾ തമ്മിൽ കണക്റ്റു ചെയ്യുന്നതിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്നതിനായി വോഡഫോൺ ഖത്തർ ഇൻസ്റ്റന്റ് സിം പുറത്തിറക്കി. ഡാറ്റയോ വൈഫൈയോ ആവശ്യമില്ലാതെ പ്രീപെയ്‌ഡ്‌ അല്ലെങ്കിൽ പോസ്റ്റ്‌പെയ്‌ഡ്‌ കണക്ഷൻ വേഗത്തിൽ സജീവമാക്കാൻ ഇൻസ്റ്റന്റ് സിം ഉപഭോക്താക്കളെ അനുവദിക്കുന്നു. ലോകത്തിൽ തന്നെ ആദ്യമായാണ് ഇത് പുറത്തിറങ്ങുന്നത്.

ഇൻസ്റ്റന്റ് സിം വഴി, ഉപഭോക്താക്കൾക്ക് അവരുടെ സ്‍മാർട്ട്ഫോൺ കണക്ഷനിൽ പൂർണ്ണ നിയന്ത്രണമുണ്ടായിരിക്കും. ഇത് ആരംഭിക്കാൻ അവർക്ക് ഇൻസ്റ്റന്റ് സിം പായ്ക്ക് മാത്രമേ ആവശ്യമുള്ളൂ. ഖത്തറിൽ എവിടെ വെച്ചു വേണമെങ്കിലും സ്വയമേവ വെരിഫിക്കേഷൻ നടത്താനും പ്ലാൻ തിരഞ്ഞെടുക്കാനും ലൈൻ സജീവമാക്കാനും അവർക്ക് കഴിയും.

ഉപഭോക്താക്കൾക്ക് ഫിസിക്കൽ സിമ്മോ ഇസിമ്മോ തിരഞ്ഞെടുക്കാം, അവരുടെ ലൈൻ ആക്റ്റിവേറ്റ് ആക്കുന്നതിന് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ആവശ്യമില്ല. സ്റ്റോർ സന്ദർശിക്കാതെ തന്നെ അവർക്ക് എളുപ്പത്തിൽ കണക്റ്റു ചെയ്യാനാകും എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

“ഈ ലോഞ്ച് ഞങ്ങൾക്ക് ഒരു വലിയ ചുവടുവയ്പ്പാണ്. ആളുകൾ എവിടെയായിരുന്നാലും കണക്റ്റിവിറ്റി നിലനിർത്തുന്നത് ഞങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. ആളുകൾ എങ്ങനെ ബന്ധപ്പെടുന്നു എന്നതിനെ ഈ പുതിയ സാങ്കേതികവിദ്യ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.” വോഡഫോൺ ഖത്തറിൻ്റെ സിഇഒ ഷെയ്ഖ് ഹമദ് അബ്ദുല്ല ജാസിം അൽ താനി പറഞ്ഞു.

എഐയുടെ ഇലക്‌ട്രോണിക്‌ലി നോ യു കസ്റ്റമർ (ഇകെവൈസി) ഫീച്ചർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് സിം 2,600ലധികം സ്ഥലങ്ങളിൽ ലഭ്യമാണ്. സജീവമാക്കുന്നതിന്, ഉപയോക്താക്കൾ അവരുടെ ഫോണിലേക്ക് ഇൻസ്റ്റന്റ് സിം ഇടുകയും QR കോഡ് സ്‌കാൻ ചെയ്യുകയും വേണം. അവർക്ക് പ്രീപെയ്‌ഡ്‌ അല്ലെങ്കിൽ പോസ്റ്റ്‌പെയ്‌ഡ്‌ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. പ്രീപെയ്‌ഡ്‌ ഉപഭോക്താക്കൾക്ക് പാസ്‌പോർട്ടും പോസ്റ്റ്‌പെയ്‌ഡ്‌ ഉപഭോക്താക്കൾക്ക് അവരുടെ QIDയും ഇതിനായി ആവശ്യമാണ്.

Exit mobile version