പ്രവാസികൾക്ക് ആവശ്യമായ കൂടുതൽ വിവരങ്ങൾ ചേർത്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് നാളെ മുതൽ. നേരത്തെ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും പുതുക്കാൻ അവസരം.

തിരുവനന്തപുരം: കേരളത്തിൽ നിന്ന് വിദേശത്ത് പോകുന്നവർക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തിയ്യതിയും കൂടി ചേർത്തുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. ചില വിദേശരാജ്യങ്ങൾ വാക്സീൻ എടുത്ത തിയ്യതിയും വാക്സീന്റെ ബാച്ച് നമ്പരും ആവശ്യപെടുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. അടുത്ത ദിവസം മുതൽ തന്നെ ബാച്ച് നമ്പരും തിയ്യതിയും ചേർത്ത സർട്ടിഫിക്കറ്റ് ഔദ്യോഗിക പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ആവുമെന്നും മന്ത്രി അറിയിച്ചു. 

നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതുക്കിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് ആദ്യം ലഭിച്ച സർട്ടിഫിക്കറ്റ് കാൻസൽ ചെയ്ത് പുതിയ സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. ശേഷം മുൻപ് ബാച്ച് നമ്പരും തിയ്യതിയുമുള്ള കോവിൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർ അത് അപ്ലോഡ് ചെയ്യണം. കോവിൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ വാക്സീൻ എടുത്ത കേന്ദ്രത്തിൽ നിന്ന് നൽകിയ ബാച്ച് നമ്പരും തിയ്യതിയുമുള്ള എഴുതി വാങ്ങിയ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുക. തുടർന്ന് ഇതേ പോർട്ടലിൽ നിന്ന് തന്നെ പുതിയ സർട്ടിഫിക്കറ്റ് ഡൗണ്ലോഡ് ചെയ്യാനാവും. 

വാക്സീൻ എടുത്തു വിദേശത്ത് പോകുന്നവർക്ക് നിലവിൽ ഉടൻ തന്നെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ആകുന്ന വിധത്തിലാണ് സംവിധാനം. വാക്സീൻ എടുത്ത ശേഷം പെട്ടെന്ന് തന്നെ രെജിസ്റ്റർ ചെയ്ത മൊബൈലിൽ വാക്സീൻ സർട്ടിഫിക്കറ്റ് നമ്പർ എസ്എംഎസ് ആയി ലഭിക്കും. ഉടൻ തന്നെ പോർട്ടലിൽ എത്തി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 

സംശയനിവാരണങ്ങള്‍ക്ക് ദിശയ്യുടെ 1056, 104 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്: https://m.facebook.com/story.php?story_fbid=4063137287114836&id=251322544963015&fs=0&focus_composer=0

Exit mobile version