അബുദാബി: യുഎഇയുടെ ഔദ്യോഗിക പ്രവൃത്തി ദിന ചക്രത്തിൽ മാറ്റം. ആഴ്ചയിൽ വർക്കിംഗ് സമയം നാലര ദിവസമായി കുറച്ചു. ബാക്കി രണ്ടര ദിനങ്ങൾ വാരാന്ത്യ അവധിയായി പ്രഖ്യാപിക്കും. തിങ്കളാഴ്ച മുതലാണ് വാരം തുടങ്ങുക. വെള്ളിയാഴ്ച ഉച്ച വരെ മാത്രമാണ് വർക്കിംഗ് ദിനങ്ങൾ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളും അവധിയാണ്. 2022 ജനുവരി 1 മുതലാണ് പുതിയ രീതി നിലവിൽ വരിക.
രാവിലെ 7:30 മുതൽ ഉച്ച തിരിഞ്ഞ് 3:30 വരെ 8 മണിക്കൂർ ആണ് റെഗുലർ വർക്കിംഗ് ദിനങ്ങൾ. വെള്ളിയാഴ്ച ഇത് ഉച്ചയ്ക്ക് 12:00 വരെ 4.5 മണിക്കൂർ മാത്രമാണ്. വെള്ളിയാഴ്ച പ്രാർത്ഥനകൾ 1:15 ന് ശേഷം.
ജീവനക്കാരുടെ ഉത്പാദനക്ഷമത കൂട്ടാനും വർക്ക് ലൈഫ് ബാലൻസ് നിലനിർത്താനുമാണ് വാരാന്ത്യ അവധി കൂട്ടുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ഫെഡറൽ ഗവണ്മെന്റ് സ്ഥാപനങ്ങളിലും പുതിയ മാറ്റം നിലവിൽ വരുമെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി WAM വിശദമാക്കി.