ഖത്തർ സമുദ്രാതിർത്തിയുടെ ഉള്ളിൽ വല ഉപയോഗിച്ച് കിങ്ഫിഷിനെ പിടിക്കുന്നത് മുനിസിപ്പാലിറ്റി മന്ത്രാലയം നിരോധിച്ചു. നിരോധനം ഓഗസ്റ്റ് 15 മുതൽ ആരംഭിച്ച് 2024 ഒക്ടോബർ 15 വരെ തുടരും. ഈ കാലയളവിൽ മത്സ്യബന്ധനം കുറയ്ക്കുന്നതിലൂടെ കിങ്ഫിഷുകളുടെ അതിജീവനവും ലഭ്യതയും ഭാവിയിലേക്കും ഉറപ്പു വരുത്തുകയാണ് മന്ത്രാലയം ചെയ്യുന്നത്.
തടിയിലോ വടിയിലോ ഘടിപ്പിച്ച നീളമുള്ള നൈലോൺ നൂൽ ഉപയോഗിച്ച് മീൻ പിടിക്കുന്നത് ഉൾപ്പെടെ, ലൈൻ വെച്ചുള്ള മത്സ്യബന്ധനത്തെ നിരോധനം ബാധിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ, മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി നേടിയാൽ, ശാസ്ത്രീയമായ ഗവേഷണം നടത്താൻ ലൈസൻസുള്ളവരെയും നിരോധനത്തിൽ നിന്നും ഒഴിവാക്കും.