ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ കടകളിൽ മോഷണം നടത്തിയതിന് രണ്ട് പ്രവാസികളെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പിടികൂടി.
നേരത്തെ, ഇൻഡസ്ട്രിയൽ ഏരിയയിലെ വിവിധ കടകളിൽ മോഷണം നടക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ വകുപ്പിന് ലഭിച്ചിരുന്നു. തുടർന്ന് സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു.
അറസ്റ്റിലായ രണ്ടു പേരും ആഫ്രിക്കൻ പൗരത്വമുള്ളവരാണ്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഇവരുടെ പക്കൽ നിന്ന് നിരവധി മോഷണ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ പിടിച്ചെടുത്ത വസ്തുക്കളുമായി ജുഡീഷ്യൽ അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് എല്ലാ കടയുടമകളോടും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും വാതിലുകളും ജനലുകളും ലോക്ക് ചെയ്യാനും മറ്റു സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.