ഉം സലാൽ സെൻട്രൽ മാർക്കറ്റിൽ ട്രഡീഷണൽ മാർക്കറ്റ് എക്‌സിബിഷൻ ഇന്നു മുതൽ ആരംഭിക്കും

ഇന്ന്, 2024 ഡിസംബർ 5 വ്യാഴാഴ്ച്ച മുതൽ ട്രഡീഷണൽ മാർക്കറ്റ് എക്‌സിബിഷൻ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയും ചേർന്ന് അറിയിച്ചു. ഉം സലാൽ വിൻ്റർ ഫെസ്റ്റിവലിൻ്റെ ഭാഗമായ ഇത് ഉം സലാൽ സെൻട്രൽ മാർക്കറ്റിൽ നടക്കും.

2024 ഡിസംബർ 5 മുതൽ ഡിസംബർ 14 വരെ 10 ദിവസം നീണ്ടുനിൽക്കുന്ന എക്‌സിബിഷനിൽ നിരവധി പരമ്പരാഗത ഖത്തരി ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. സന്ദർശകർക്ക് ഫർണിച്ചറുകൾ, കാർപ്പറ്റുകൾ, എണ്ണകൾ, ഈത്തപ്പഴം, സുഗന്ധദ്രവ്യങ്ങൾ എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ കാണാനും വാങ്ങാനും അവസരമുണ്ട്. പ്രാദേശിക ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവൽ നടത്തുന്നത്.

ഖത്തരി സംസ്‌കാരവും പൈതൃകവും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പ്രദർശനമെന്ന് അസ്വഖ് ഫോർ ഫുഡ് ഫെസിലിറ്റീസ് മാനേജ്‌മെൻ്റ് കമ്പനി ജനറൽ മാനേജർ മുഹമ്മദ് ഗാനിം അൽ കുബൈസി പറഞ്ഞു. അത്തരം ഇവൻ്റുകൾ സംഘടിപ്പിക്കുന്നത് പ്രാദേശിക കമ്മ്യൂണിറ്റികളെയും അവരുടെ ബിസിനസുകളെയും പിന്തുണയ്ക്കാൻ സഹായിക്കുന്നുവെന്നും ഖത്തറിൽ ഭക്ഷ്യസുരക്ഷ കൈവരിക്കാൻ സഹായിക്കുന്ന ഹസാദ് ഫുഡ് കമ്പനിയുടെ തന്ത്രവുമായി ഈ പരിപാടികൾ യോജിക്കുന്നുവെന്നും അദ്ദേഹം പരാമർശിച്ചു.

ഉം സലാൽ വിൻ്റർ ഫെസ്റ്റിവൽ 2025 ഫെബ്രുവരി 19 വരെ തുടരും. വിന്റർ സീസണിൽ മുഴുവൻ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനുള്ള പ്ലാറ്റ്‌ഫോം നൽകുണ്ണ ഈ ഫെസ്റ്റിവലിൽ പ്രാദേശിക നിർമ്മാതാക്കളെ പിന്തുണയ്ക്കുന്നതിനായി വിവിധ പരിപാടികളും എക്‌സിബിഷനുകളും സംഘടിപ്പിക്കും.

ഫെസ്റ്റിവലിന്റെ പ്രവർത്തന സമയം:

രാവിലെ: 9 AM മുതൽ 1 PM വരെ
വൈകുന്നേരം: 4 PM മുതൽ 8 PM വരെ
വെള്ളിയാഴ്ച്ചകളിൽ, രാവിലെ സമയം 8 AM മുതൽ 10:30 AM വരെയാണ്, വൈകുന്നേരത്തെ സമയത്തിൽ മാറ്റമില്ല.

Exit mobile version