ഓഗസ്റ്റ് 24 ശനിയാഴ്ച സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു. ഇതോടെ ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലും സുഹൈൽ സീസണിന് തുടക്കമാകും.
സുഹൈൽ സീസണിന് അൽ-മുറബ്ബയ്യ, അൽ-വാസ്‌മി, അൽ-സഫ്രി, അൽ-കന്ന തുടങ്ങി വ്യത്യസ്‌തമായ കാലഘട്ടങ്ങളുണ്ട്. എപ്പോൾ വിളകൾ നട്ടുപിടിപ്പിക്കണം, യാത്ര ചെയ്യണം, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ അറിയാൻ ഈ കാലഘട്ടങ്ങൾ പണ്ടുകാലത്തും ഇപ്പോഴും ആളുകളെ സഹായിക്കുന്നു.
സുഹൈൽ നക്ഷത്രം ഉദിക്കുന്നത് കാലാവസ്ഥയിലെ മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. ഈ സമയത്ത് താപനില കുറയും, പ്രത്യേകിച്ച് രാത്രിയിൽ. സുഹൈൽ നക്ഷത്രം ഉദിക്കുമ്പോൾ തണുത്ത രാത്രികളെയും വെള്ളപ്പൊക്കത്തെയും കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു പഴയ ഗൾഫ് അറബ് ചൊല്ലുണ്ടെന്ന് ക്യുസിഎച്ചിലെ ഡോ. ബഷീർ മർസൂഖ് പരാമർശിച്ചു.
ഒക്‌ടോബർ ആദ്യം ആരംഭിക്കുന്ന വാസ്‌മി കാലഘട്ടത്തിൽ ഹ്യൂമിഡിറ്റിയുടെ അളവു കുറയാനും തുടങ്ങും. സുഹൈൽ സീസൺ 52 ദിവസമാണ് നീണ്ടുനിൽക്കുക. ഇതിനെ 13 ദിവസം വീതമുള്ള നാല് കാലയളവുകളായി തിരിച്ചിരിക്കുന്നു. ഓരോ കാലയളവ് കഴിയുന്തോറും താപനില ക്രമേണ കുറയും.