കോസ്റ്റാറിക്കയെ ഏഴിനിരുത്തി സ്‌പെയിൻ

അൽ തുമാമ സ്റ്റേഡിയത്തിൽ സ്പെയിനിന്റെ ഗോൾ മഴ. ഗ്രൂപ്പ് ഇ മത്സരത്തിൽ കോസ്റ്റാറിക്കയെ ഏകപക്ഷീയമായ 7 ഗോളിന് നിലംപരിശാക്കി സ്‌പെയിൻ ഖത്തർ ലോകകപ്പിൽ ഇത് വരെയുള്ള ഏറ്റവും മികച്ച വിജയം നേടി. ആദ്യ പകുതിയിൽ 3 ഗോളടിച്ച് ഗോൾ വേട്ട ആരംഭിച്ച സ്‌പെയിൻ രണ്ടാം പകുതിയിലും അത് തന്നെ ആവർത്തിച്ചു.

ഡാനി ഓൽമോ (11), മാർക്കോ അസെൻസിയോ (21), ഫെറാൻ ടോറസ് (31) എന്നിവർ ആദ്യപകുതിയിൽ ഗോൾ നേടി. രണ്ടാം പകുതിയിൽ 54 –ാം മിനിറ്റിലായിരുന്നു ടോറസ് ഗോൾ വേട്ട പുനരാരംഭിച്ചത്. പിന്നാലെ ഗാവി 74–ാം മിനിറ്റിലും ലക്ഷ്യം കണ്ടു. ലോകകപ്പിൽ കളിക്കുന്ന പ്രായം കുറഞ്ഞ സ്പാനിഷ് താരവുമാണ് 18കാരൻ ഗാവി.

പകരക്കാരനായി കളത്തിലിറങ്ങിയ കാർലോസ് സോളറാണ് 90 ആം മിനിറ്റിൽ കോസ്റ്റാരിക്കയുടെ നെഞ്ചിൽ ആറാടിയത്. ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ അൽവാരോ മൊറാട്ട ഏഴാം ഗോളും നേടിയതോടെ സ്‌പെയിൻ രാജകീയ വിജയത്തിന് ഏഴഴകായി.

ദുർബലവും നിസഹായവുമായ പ്രതിരോധത്തിൽ ഒരു നിമിഷം പോലും കോസ്റ്റാറിക്കക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കളിയിൽ ഉടനീളം പന്ത് കൈയടക്കിയ സ്‌പെയിനിന് മുന്നിൽ വിധേയപ്പെടുകയായിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version