ഇരുപത്തിയെട്ടാമത് പിഎച്ച്സി സെന്റർ സൗത്ത് അൽ വക്രയിൽ ആരംഭിച്ചു

ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷ (പിഎച്ച്സിസി) ന്റെ അൽ വക്ര സൗത്ത് ഹെൽത്ത് സെന്റർ ഇന്നലെ മുതൽ ആരംഭിച്ചു. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിഎച്ച്സിസി മാനേജിംഗ് ഡയറക്ടർ ഡോ. മറിയം അബ്ദുൽമാലിക്കും ആരോഗ്യമേഖലയിലെ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

സൗത്ത് അൽ വക്ര എച്ച്സി സെന്റർ ഖത്തറിലെ 28-ആമത്തെ പിഎച്ച്സിസി ഹെൽത്ത് സെന്ററാണ്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ രാത്രി 11 വരെയാണ് സൗത്ത് അൽ വക്ര ഹെൽത്ത് സെന്ററിൽ രോഗികൾക്ക് പരിചരണം ലഭ്യമാവുക. ആദ്യ വർഷത്തിൽ 5,000 രോഗികൾക്കും, പിന്നീട് 10,000 രോഗികൾക്കുമായി സെന്ററിന്റെ ശേഷി ഉയർത്തും.

ഒരു ഫാർമസി, ആറ് ജനറൽ ക്ലിനിക്കുകൾ, ഒരു ഡെന്റൽ ക്ലിനിക് രണ്ട് പീഡിയാട്രിക് ക്ലിനിക്കുകൾ, മെഡിക്കൽ ലാബുകൾ, റേഡിയോളജി വിഭാഗം (എക്സ്-റേ, ഇസിജി റൂം ഉൾപ്പെടെ), ഐസൊലേഷൻ മുറി, പ്രാർത്ഥന മുറി എന്നിവ ഉൾപ്പെടുന്നതാണ് പ്രധാന കെട്ടിടം.

ഉദ്ഘാടന ചടങ്ങിന് ശേഷം കെട്ടിടം സന്ദർശിച്ച് വിലയിരുത്തിയ മന്ത്രി രോഗികൾക്ക് ലഭ്യമായ സേവനങ്ങളെക്കുറിച്ചും പ്രത്യേക ക്ലിനിക്കുകളെക്കുറിച്ചും മറ്റ് സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ച് സംസാരിച്ചു.

Exit mobile version