ഹമദ് ജനറൽ ഹോസ്‌പിറ്റലിലെ നവീകരണപ്രവർത്തനങ്ങൾ: ബാധിക്കപ്പെടുന്ന സേവനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കി ഹോസ്‌പിറ്റൽ മേധാവി

ഹമദ് ജനറൽ ഹോസ്‌പിറ്റലിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഒരു നവീകരണപദ്ധതി ആരംഭിക്കുന്നു. 2025ൽ ആരംഭിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം രണ്ട് ഇൻപേഷ്യൻ്റ് ടവറുകളിലും അവയ്ക്ക് താഴെയുള്ള ഗ്രൗണ്ട് ഫ്ലോറിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.

നവീകരണം നടക്കുന്നത് ഹോസ്‌പിറ്റൽ നൽകുന്ന സേവനങ്ങളെ എങ്ങനെ ബാധിക്കുമോയെന്ന ചോദ്യങ്ങൾക്ക് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് നായിഫ് അൽ ഷമ്മാരി ഉത്തരം നൽകി.

നവീകരണ പദ്ധതി രോഗികൾക്ക് നൽകുന്ന സേവനത്തെ ബാധിക്കുമോ?

രോഗികൾക്ക് നൽകുന്ന ചികിത്സയും അനുഭവവും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന നവീകരണ പരിപാടി മൂന്ന് വർഷം നീണ്ടുനിൽക്കും. ഈ സമയത്ത് സേവനങ്ങളുടെ ഗുണനിലവാരവും ലഭ്യതയും ഉയർന്ന നിലയിൽ തന്നെ നിലനിർത്താനാണ് ആശുപത്രി പദ്ധതിയിടുന്നത്.

രണ്ട് പ്രധാന ഇൻപേഷ്യൻ്റ് ടവറുകളും താഴത്തെ നിലയും നവീകരിക്കുന്നതാണ് ആദ്യ ഘട്ടം. ഇതിനർത്ഥം ചില ഇൻപേഷ്യൻ്റ് കെട്ടിടങ്ങൾ ഉടൻ ഒഴിപ്പിക്കുമെന്നാണ്, കൂടാതെ ചില ഔട്ട്പേഷ്യൻ്റ് ക്ലിനിക്കുകൾ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും.

ഐഷ ബിൻത് ഹമദ് അൽ അത്തിയ ആശുപത്രിയിലേക്കും മെഡിക്കൽ കെയർ ആൻഡ് റിസർച്ച് സെൻ്ററിലേക്കുമാണ് ഈ സേവനങ്ങൾ മാറ്റുന്നത്.

ചികിൽസിക്കുന്ന സമയത്തും അതിനു ശേഷവും രോഗികളുടെ പരിചരണം മെച്ചപ്പെടുത്തുന്നതിന് സിംഗിൾ റൂം, നൂതന സാങ്കേതിക സംവിധാനങ്ങൾ, ആധുനിക ചുറ്റുപാടുകൾ എന്നിവ ഈ നവീകരണത്തിലൂടെ നടപ്പിലാക്കും.

നവീകരണ സമയത്ത് ഏതൊക്കെ മെഡിക്കൽ സേവനങ്ങൾ തുടർന്നും ലഭ്യമാകും?

ഈ സമയത്ത് ചില ഇൻപേഷ്യൻ്റ്, ഔട്ട് പേഷ്യൻ്റ് ക്ലിനിക്കുകൾ എച്ച്എംസിയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും. എങ്കിലും ഹമദ് ജനറൽ ആശുപത്രിയിൽ ഇനിപ്പറയുന്ന സേവനങ്ങൾ തുടരും:

– ഒട്ടുമിക്ക ഔട്ട് പേഷ്യൻ്റ് ക്ലിനിക്കുകളും തുറന്ന് പ്രവർത്തിക്കും.
– കിടപ്പുരോഗികൾക്കുള്ള ശസ്ത്രക്രിയയ്ക്കും മെഡിക്കൽ സേവനങ്ങൾക്കുമായി സർജിക്കൽ സ്പെഷ്യാലിറ്റി സെൻ്റർ തുറന്നിരിക്കും.
– ക്രിട്ടിക്കൽ കെയർ ഉൾപ്പെടെ മെഡിക്കൽ, സർജിക്കൽ കെയർ എന്നിവയ്ക്കായി 370 ഇൻപേഷ്യൻ്റ് ബെഡുകൾ ലഭ്യമാവും.
– ട്രോമ ആൻഡ് എമർജൻസി സെൻ്റർ പൂർണമായും പ്രവർത്തിക്കും.
– ബോൺ ആൻഡ് ജോയിൻ്റ് സെൻ്റർ തുറന്ന് പ്രവർത്തിക്കും.
– പീഡിയാട്രിക് എമർജൻസി സെൻ്റർ സേവനങ്ങൾ നൽകുന്നത് തുടരും.
– ഫഹദ് ബിൻ ജാസിം കിഡ്‌നി സെൻ്ററും പൂർണമായി പ്രവർത്തിക്കും.

Exit mobile version