ജനുവരി 30 മുതൽ സ്കൂളിലും കിന്റർഗാർട്ടനുകളിലുമെത്തുന്ന വിദ്യാർത്ഥികൾക്ക് വാക്സിനെടുത്തവർ/എടുക്കാത്തവർ ഭേദമന്യേ പ്രതിവാര സെൽഫ് ആന്റിജൻ ടെസ്റ്റ് നിർബന്ധം. രണ്ടാഴ്ചത്തേക്ക് ഇത് തുടരണം. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് അൽ മറാഗിയാണ് ഖത്തർ ടിവിയുമായുള്ള ഫോൺ ഇൻ അഭിമുഖത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചത്.
“രണ്ടാഴ്ചത്തേക്ക് പരിശോധിക്കാൻ ഞങ്ങൾ മാതാപിതാക്കളോട് ആവശ്യപ്പെടുന്നു. അതിനുശേഷം ഞങ്ങൾ സാഹചര്യം പഠിക്കും. ശേഷം ഞങ്ങൾക്ക് പുതിയ നടപടിക്രമങ്ങൾ പിന്തുടരാം അല്ലെങ്കിൽ ഈ നടപടികൾ തുടരാം. ഈ രണ്ടാഴ്ചത്തേക്ക് ഞങ്ങൾ ഒരു സർവേ നടത്തും. അതനുസരിച്ചായിരിക്കും തുടർ തീരുമാനം,” അദ്ദേഹം പറഞ്ഞു.
മന്ത്രാലയത്തിന്റെ അറിയിപ്പ് അനുസരിച്ച്, വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് വരുന്നതിന് മുമ്പ് വീടുകളിലാണ് പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് വിധേയമാകേണ്ടത്. ടെസ്റ്റ് കിറ്റുകൾ വാങ്ങി വീടുകളിൽ ടെസ്റ്റ് ചെയ്യാം. സ്‌കൂളിലെത്തുന്നതിന് 48 മണിക്കൂറിനുള്ളിൽ വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയോ ശനിയോ ആണ് ഈ ടെസ്റ്റ് നടത്തേണ്ടത്.
ടെസ്റ്റ് കിറ്റുകൾ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്‌കൂൾ കേന്ദ്രങ്ങളിൽ നിന്ന് ഇന്ന് മുതൽ വാങ്ങാനാവും. ഇതിനായി 150,000 കിറ്റുകൾ സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് 2 കിറ്റുകൾ വീതം ലഭിക്കും. സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികൾ ഫാർമസികളിൽ നിന്ന് വാങ്ങണം.
ശേഷം, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്ന ഡിക്ലറേഷൻ ഫോമിൽ രക്ഷിതാവ് നെഗറ്റീവ് ടെസ്റ്റ് ഫലം സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ പ്രവേശനം അനുവദിക്കൂ. കുട്ടിക്ക് ടെസ്റ്റ് നടത്തേണ്ടതും രക്ഷിതാവാണ്.
ടെസ്റ്റിൽ പോസിറ്റീവ് ആവുന്ന വിദ്യാർത്ഥികൾ ഹെൽത്ത് സെന്ററിൽ ചികിത്സ തേടുകയും ഐസൊലേഷൻ പാലിക്കുകയും വേണം.
ക്വാറന്റീൻ പാലിക്കേണ്ടി വരുന്ന സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓണ്ലൈനായി ക്ലാസുകൾ ലഭ്യമാക്കുമെന്നും അൽ മറാഗി പറഞ്ഞു.